പുണെ: പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള സ്‌നേഹം ജീവിതത്തിലൂടെ തെളിയിച്ച് ഒരു റിട്ടയേര്‍ഡ് പ്രൊഫസര്‍ ജീവിക്കുന്നത് വൈദ്യുതി ബന്ധം പോലുമില്ലാത്ത വീട്ടില്‍. 79 കാരിയായ ഡോ. ഹേമ സാനെയാണ് ആധുനിക ലോകത്തില്‍ അമ്പരപ്പിക്കുന്ന ജീവിതം നയിക്കുന്നത്.

വൈദ്യുതി പ്രചാരത്തിലില്ലാത്ത കാലത്തും സുഖമായി  തന്നെയാണ് കഴിഞ്ഞതെന്നും ഇതുവരെ അതിലൊരു പ്രയാസവും തോന്നിയിട്ടില്ലെന്നും പ്രൊഫസര്‍ പറയുന്നു. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയാണ് ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍. ഇവ ലഭിച്ചാല്‍ സുഖമായി ഒരു മനുഷ്യായുസ് ജീവിച്ച് തീര്‍ക്കാമെന്നാണ് ഡോ. ഹേമയുടെ അഭിപ്രായം. 

മരങ്ങളും വൃക്ഷങ്ങളും നിറഞ്ഞ പറമ്പിലെ ചെറിയ വീട്ടിനുള്ളിനുള്ളിലാണ് പ്രൊഫസറുടെ വാസം. നായകളും പൂച്ചകളും പക്ഷികളും പ്രൊഫസര്‍ക്ക് കൂട്ടിനുണ്ട്. ഇക്കാണുന്നതൊക്കെ ആ ജീവികളുടേതാണ് എന്നും അവയെ സംരക്ഷിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും ഡോ. ഹേമ കൂട്ടിച്ചേര്‍ക്കുന്നു. ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ ഹേമ സാനെ ഗര്‍വാഡെ യൂണിവേഴ്‌സിറ്റിയില്‍ വര്‍ഷങ്ങളോളം അധ്യാപികയായിരുന്നു. Dr Hema Sane

പക്ഷികളുടെ സുഖകരമായ ശബ്ദത്തില്‍ ആരംഭിക്കുന്ന പ്രൊഫസറുടെ ഓരോ ദിവസവും അവസാനിക്കുന്നത് തന്റെ ചെറിയ വീടിന് വെളിച്ചം പകരാന്‍ വിളക്കുകള്‍ തെളിയിച്ചു കൊണ്ടാണ്. സസ്യശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും അനവധി പുസ്തകങ്ങള്‍ രചിച്ച ഡോ. ഹേമ ഒഴിവുസമയം ചെലവഴിക്കുന്നത് എഴുത്തിലാണ്. 

തനിക്കൊരിക്കലും വൈദ്യുതി ആവശ്യമാണെന്ന് തോന്നിയിട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന ഡോ.ഹേമ ആളുകള്‍ തന്നെയൊരു വിഡ്ഢിയെന്നാണ് വിളിക്കുന്നതെന്നും ഓര്‍മിച്ചു. തന്റെ വീട് വിറ്റാല്‍ നല്ല വില കിട്ടുമെന്നും അതുമായി മറ്റെവിടെയൊങ്കിലും പോയി സുഖമായി ജീവിക്കൂ എന്ന് ആളുകള്‍ ഉപദേശിക്കാറുണ്ടെന്നും പ്രൊഫസര്‍ പറയുന്നു. പക്ഷെ താന്‍ പോയാല്‍ ഈ മരങ്ങള്‍ക്കും പക്ഷികള്‍ക്കും ആരാണ് കൂട്ടെന്നാണ് പ്രൊഫസറുടെ ചോദ്യം. 

Content Highlights: Retired Pune Professor Has Lived Her Whole Life Without Electricity