ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സർക്കാർ. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. 10 ശതമാനത്തില്‍ അധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ലെന്നും നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ, എന്‍എച്ച്എം മിഷന്‍ ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

10 ശതമാനത്തിലധികമാണ് ജില്ലകളിലെ ടി.പിആര്‍ എങ്കില്‍ അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണമെന്നും അത് കര്‍ശനമായി നടപ്പിലാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ജനങ്ങളുടെ യാത്രയില്‍ നിയന്ത്രണം വേണമെന്നും ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു കൂടിച്ചേരലും അനുവദിക്കരുതെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, അസം, ഒഡീഷ. ആന്ധ്ര, മണിപ്പുര്‍, മേഘാലയ, മിസോറാം എന്നിവിടങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്.

രാജ്യത്ത് 46 ജില്ലകളിലാണ് ടി.പി.ആര്‍ പത്ത് ശതമാനത്തിന് മുകളിലുള്ളത്. 53 ജില്ലകളില്‍ 5-10 ആണ് ടി.പി.ആര്‍. ടി.പി.ആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ക്ക് ഒപ്പം 45 വയസ്സിന് മുകളിലുള്ളവരിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

 

Content Highlights: restrictions should be made strict in districts having tpr above 10% says central government