ചെന്നൈ ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്‌റെ ഉത്തരവാദിത്വമാണെന്നും സംസ്ഥാന സര്‍ക്കാരല്ല അത് ചെയ്യേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തമിഴ്‌നാട് കോണ്‍ഗ്രസ് ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവിലയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സെസ് ചുമത്തുന്നുണ്ടെന്നും സെസിന്‌റെ 96 ശതമാനവും കേന്ദ്ര സര്‍ക്കാരിനാണെന്നും തമിഴ്‌നാട് ധനകാര്യമന്ത്രി പി.ടി.ആര്‍ ത്യാഗരാജന്‍ പറഞ്ഞകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. 

"സെസ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നില്ല. സെസിന്‌റെ 96 ശതമാനവും കൈയാളുന്ന കേന്ദ്രത്തിനാണ് നികുതി ഇളവു കൊണ്ടുവന്ന് ഇന്ധന വില കുറക്കാനുള്ള ഉത്തരവാദിത്വം. സംസ്ഥാന സര്‍ക്കാരുകള്‍ക്കല്ല. മേയ് 2 മുതല്‍ ഇതുവരെ 40 തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കൂട്ടിയത്. പെട്രോളിനും ഡീസലിനും വില കൂടുന്നതിനൊപ്പം പച്ചക്കറി, പയര്‍, പഴങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്കും വിലകൂടുകയാണ്‌." -  അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്ഥയില്‍ സംഭവിക്കുന്ന സാധാരണ വിലക്കയറ്റമല്ലിത്. സമ്മര്‍ദ്ദത്തിലായ സമ്പദ്ഘടനയെ പ്രോല്‍സാഹിപ്പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. മോദി സര്‍ക്കാരിന്റെ ഏഴു വര്‍ഷത്തെ ദുര്‍ഭരണമാണ് ഇന്ധനവില വര്‍ദ്ധനയ്ക്കും സാധാരണക്കാരുടെ ദുരിതങ്ങള്‍ക്കു കാരണം. ഇന്ധന നികുതിയും സെസും കുറച്ച് അതിന്‌റെ പ്രധാന പങ്ക് സംസ്ഥാനങ്ങളുടെ നല്ല നടത്തിപ്പിനായി വിനിയോഗിക്കണം. 

തമിഴ്‌നാടിനെ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ചും തരൂര്‍  പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമേ കേന്ദ്രസര്‍ക്കാരിന് വിഭജന നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കൂ. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്‌റിന്‌റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇന്ധന വിലവര്‍ദ്ധന, വിലക്കയറ്റം, കോവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുമെന്നും തരൂര്‍ ഉറപ്പുനല്‍കി.

Content Highlights: Responsibility on Centre to bring down fuel prices says Tharoor