ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധിക്കിടെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ഡല്‍ഹി സര്‍ക്കാരും ഉണ്ടെന്ന് മുഖ്യമന്ത്രി കെജ്‍രിവാള്‍. 

ഡല്‍ഹിയില്‍ നിന്നും ഇപ്പോഴും തൊഴിലാളികളുടെ പലായനം തുടരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കെജ്‍രിവാളിന്റെ പ്രതികരണം. 

ഡല്‍ഹിയില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. സംസ്ഥാനത്ത് തുടരാന്‍ താല്‍പര്യപ്പെടുന്ന തൊഴിലാളികള്‍ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സജ്ജമാക്കും. തിരിച്ചുപോവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ട്രെയിന്‍ സൗകര്യം ഉറപ്പാക്കുമെന്നും കെജ്‍രിവാള്‍ പറഞ്ഞു.

തൊഴിലാളികള്‍ക്കായി ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തിയതിലൂടെ 35000 തൊഴിലാളികളാണ് ഇതുവരെ നാട്ടിലേക്ക് മടങ്ങിയതെന്നും 12000 പേര്‍ യാത്രയ്ക്ക് ഒരുങ്ങിയിട്ടുണ്ടെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.