മുംബൈ:  കുത്തിയൊഴുകുന്ന നദിയില്‍ മുങ്ങിപ്പോയ കാറില്‍ നിന്ന് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മുങ്ങിപ്പോയ കാറിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയാണ് രണ്ട് കുട്ടികളടക്കം നാലുപേര്‍ ജീവിതം തിരിച്ചുപിടിച്ചത്. മഹാരാഷ്ട്രയിലെ തലോജയ്ക്ക് സമീപം ഗോട്ട്ഗാവില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. 

അഷ്‌റഫ് ഖലീല്‍ ഷേഖ്, ഭാര്യ ഹാമിദ, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് ഗോട്ട്ഗാവിലെ പാലത്തില്‍ നിന്ന് തെന്നിമാറി നദിയിലേക്ക് പതിച്ചത്. നദിയിലേക്ക് വീണ കാര്‍ ഭാഗ്യംകൊണ്ട് കല്ലുകളില്‍ തട്ടിനിന്നു. ഇതിനിടെ മനക്കരുത്ത് കൈവിടാതെ അഷ്‌റഫും കുടുംബവും കാറിന്റെ മുകളിലേക്ക് വലിഞ്ഞുകയറി. അപകടവാര്‍ത്ത കേട്ടെത്തിയ നാട്ടുകാരാണ്  ഇവരെ പിന്നീട് കയര്‍ ഉപയോഗിച്ച് കരയിലേക്കെത്തിച്ചത്. നാലംഗ കുടുംബം അപകടത്തില്‍പ്പെട്ടതിന്റെയും അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം.