ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതായി റിപ്പോര്‍ട്ട്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തിമിഴിശൈ സൗന്ദര്‍രാജനും ഭര്‍ത്താവും നെഫ്രോളജിസ്റ്റുമായ ഡോ.പി.സൗന്ദര്‍രാജനും മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തതായി പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

'2019ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നിര്‍ദേശിച്ചു. ലോകത്തെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയതിനാണ് ഇത്. ഡോ.തമിഴിശൈ സൗന്ദര്‍രാജനാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഞായറാഴ്ച്ചയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി മോദി ഉദ്ഘാടനം ചെയ്തത്.

നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2019 ജനുവരി 31 ആണ്. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുക. സര്‍വ്വകലാശാല അധ്യാപകര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിക്കാവുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ പുകഴ്ത്തി തിമിഴിശൈ സൗന്ദര്‍രാജന്റെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് മോദിയെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.