റായ്പുര്‍: അര്‍ഹരായ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ചെയ്ത് മാതൃകയായി ഛത്തീസ്ഗഢിലെ ഒരു ഗ്രാമം. ഗോത്രവര്‍ഗ ഭൂരിപക്ഷ ജില്ലയായ ദന്തേവാഡയിലെ രെംഗാനാര്‍ ഗ്രാമത്തിലാണ് അര്‍ഹരായ മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വീകരിച്ചത്. 

സമ്പൂര്‍ണ വാക്‌സിന്‍ വിതരണം പൂര്‍ത്തിയായ സംസ്ഥാനത്തെ ആദ്യഗ്രാമവും രെംഗാനാര്‍ ആണ്. മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ ഈ ഗ്രാമം ഉദാഹരണം സൃഷ്ടിച്ചിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെയും ബോധവത്കരണ സംഘങ്ങളുടെയും നിരന്തര പരിശ്രമം കൊണ്ടാണ് ഇത് സാധ്യമായത്- ഛത്തീസ്ഗഢ് പി.ആര്‍.ഡി. ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംസ്ഥാന തലസ്ഥാനത്തുനിന്ന് 420 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന രെംഗാനാര്‍ ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയായ 310 പേരാണുള്ളത്. ഇതില്‍ അര്‍ഹരായ 294 പേരും ആദ്യ ഡോസ് കുത്തിവെപ്പ് എടുത്തു കഴിഞ്ഞു. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് സഹായകമാകുന്ന സ്മാര്‍ട്ട് ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതക്കുറവു മൂലം നഗരമേഖലകളെ അപേക്ഷിച്ച് 100 ശതമാനം വാക്‌സിനേഷന്‍ സാധ്യമാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍, ഗ്രാമീണരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഉത്സാഹം ഫലം കാണുകയായിരുന്നു- പി.ആര്‍.ഡി. ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

രെംഗാനാര്‍ ഗ്രാമത്തിലുള്ളവര്‍ക്കും മറ്റുമായി കുവാന്‍കൊണ്ടയില്‍ ദന്തേവാഡ ജില്ലാ അധികൃതര്‍ വാക്‌സിനേഷന്‍ സെഷനുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, തെറ്റിദ്ധാരണകളെയും അറിവില്ലായ്മയെയുംമൂലം വളരെക്കുറച്ചു പേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയത്. തുടര്‍ന്ന് ബോധവത്കരണസംഘങ്ങള്‍ വീടുകള്‍തോറും കയറിയിറങ്ങി വാക്‌സിനേഷനെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയെന്ന് രെംഗാനാര്‍ ഗ്രാമമുഖ്യ സന്മതി തെലാമി കൂട്ടിച്ചേര്‍ത്തു.

content highlights: Renganar becomes first village in Chhattisgarh to complete first dose vaccination