മുംബൈ: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം, ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് മാറ്റാനുള്ള  കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ ആഗ്രഹമല്ല, മറിച്ച് ഒരു രാഷ്ട്രീയ കളിയാണെന്ന് ശിവസേന. രാജീവ് ഗാന്ധിയുടെ പേര് മാറ്റി ധ്യാന്‍ ചന്ദിന്റെ പേര് നല്‍കുന്നത് വലിയ അംഗീകാരമല്ല. അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് മോദിയുടെ പേര് നല്‍കാന്‍, ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സംഭാവന എന്താണെന്നും ശിവസേന മുഖപത്രമായ 'സാമ്ന' അതിന്റെ മുഖപ്രസംഗത്തില്‍ ചോദിച്ചു. 

അന്തരിച്ച പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരകളാണെന്ന് 'സാമ്ന' മുഖപ്രസംഗത്തില്‍ പറഞ്ഞു. അവരെപ്പോലുള്ള നേതാക്കളുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ രാജ്യത്തിന്റെ വികസനത്തില്‍ അവര്‍ നല്‍കിയ ത്യാഗങ്ങളെ അവഗണിക്കാന്‍ കഴിയില്ലെന്നും സാമ്‌ന ഓര്‍മിപ്പിച്ചു. രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന എന്നാക്കി മാറ്റുന്നത് ജനങ്ങളുടെ ആഗ്രഹപ്രകാരമല്ല, മറിച്ച് ഒരു രാഷ്ട്രീയ കളിയാണെന്നും സ്മാനയില്‍ പറയുന്നു. 

രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ മേജര്‍ ധ്യാന്‍ ചന്ദിനെ ആദരിക്കാമായിരുന്നുവെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. പക്ഷേ, രാജ്യത്തിന് അത്തരം പാരമ്പര്യവും സംസ്‌കാരവും നഷ്ടപ്പെട്ടു. സ്വര്‍ഗത്തിലിരിക്കുന്ന ധ്യാന്‍ ചന്ദിനെ ഇത് ദുഖിപ്പിക്കുമായിരിക്കും. മോദി സര്‍ക്കാര്‍ അവാര്‍ഡിന്റെ പേര് മാറ്റിയതുകൊണ്ട് മുന്‍ സര്‍ക്കാരുകള്‍ ധ്യാന്‍ ചന്ദിനെ മറന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്ത രാജീവ് ഗാന്ധിയുടെ പേര് മാറ്റി തന്റെ പേര് അവാര്‍ഡിന് ഉപയോഗിക്കുന്നത് ധ്യാന്‍ചന്ദിന് നല്‍കുന്ന വലിയ അംഗീകാരമല്ലെന്നും അവര്‍ പറഞ്ഞു. 

രാജീവ് ഗാന്ധി എപ്പോഴെങ്കിലും ഒരു ഹോക്കി സ്റ്റിക്ക് കൈയില്‍ പിടിച്ചിട്ടുണ്ടോ എന്ന് ചില ബിജെപി നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം.  അഹമ്മദാബാദിലെ സ്റ്റേഡിയത്തിന് സര്‍ദാര്‍ പട്ടേലിന്റെ പേര് മാറ്റി സ്വന്തം പേരിടാന്‍ നരേന്ദ്ര മോദി ക്രിക്കറ്റിനായി എന്താണ് ചെയ്തതെന്ന് ആളുകള്‍ ചോദിക്കുന്നുണ്ടെന്നും സാമ്‌ന പരിഹസിച്ചു.

രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്‌കാരം ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിനോടുള്ള ബഹുമാനാര്‍ഥം പുനര്‍നാമകരണം ചെയ്തിരുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ഹോക്കി ടീമുകള്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ ധ്യാന്‍ ചന്ദിന്റെ പേര് നല്‍കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി പ്രഖ്യാപന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Content Highlights: Renaming Khel Ratna Award Not People's Wish, But Political Game, says Shiv Sena