ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രധാന നഗരമായ അലഹബാദിന്റെ പേര് പ്രയാഗ് എന്ന് മാറ്റണമെന്ന ആവശ്യവുമായി ഉത്തർപ്രദേശ് ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ്. ഇക്കാര്യമാവശ്യപ്പെട്ട് സിദ്ധാര്‍ത്ഥ് നാഥ് സിങ് ഗവര്‍ണര്‍ രാം നായിക്കിന് കത്തയച്ചു. ബോംബെയെ മുംബൈ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സഹായം ചെയ്തത് രാം നായിക്കായിരുന്നു. ഇത്തരത്തില്‍ അലഹബാദിന്റെ പേരുമാറ്റാനും സഹായിക്കണമെന്നാണ് സിദ്ധാര്‍ത്ഥ് നാഥ് സിങിന്റെ ആവശ്യം. 

ഗവര്‍ണര്‍ക്ക് മന്ത്രി കത്തു നല്‍കിയതിനു പിന്നാലെ തന്നെ ആദിത്യനാഥ് സര്‍ക്കാര്‍ അലഹബാദിന്റെ പേരുമാറ്റി പ്രയാഗ്‌രാജ് എന്നാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷത്തെ കുംഭമേളയ്ക്ക് മുന്‍പായി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ഈ വര്‍ഷം മെയ് മാസത്തില്‍ അലഹാബാദിലെത്തിയ അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഹൈന്ദവ സന്യാസിമാര്‍ ആദിത്യനാഥിനെ സന്ദര്‍ശിച്ച് നഗരത്തിന്റെ പേര് പ്രയാഗ്‌രാജ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇവരുടെ ആവശ്യം യോഗി ആദിത്യനാഥ് അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 2001-ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.  എന്നാല്‍ ഈ നിര്‍ദേശത്തില്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.

1580-ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ ഭരണകാലത്താണ് നഗരത്തിന്റെ പ്രയാഗ് എന്ന പേരുമാറ്റി അലഹബാദ് എന്നാക്കിയത്. അല്ലാഹുവിന്റെ സ്ഥലം എന്അന അരർഥത്തിലാണ് അലഹാബാദ് എന്ന് പേരിട്ടത്. 

Content Highlights: rename allahabad as prayag, yogi adityanath