-
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും മേല്‍വിലാസവും പ്രദര്‍ശിപ്പിച്ച ഹോര്‍ഡിങ് ഉടന്‍ നീക്കം ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി. ഹോര്‍ഡിങ് നീക്കം ചെയ്തതിന് ശേഷം ലഖ്‌നൗ ജില്ലാ ഭരണകൂടം മാര്‍ച്ച് 16-ന് രജിസ്ട്രാര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും നഗരത്തില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂരിന്റേതായിരുന്നു നടപടി. മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. റായ് തിങ്കളാഴ്ച നടന്ന വിചാരണയില്‍ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍ ഇക്കാര്യത്തില്‍ വളരെ ഗൗരവമേറിയ നിലപാടാണ് സ്വീകരിച്ചതെന്ന് റായ് പറഞ്ഞു.
പൗരന്മാരുടെ വ്യക്തിഗത സ്വകാര്യതയും സ്വാതന്ത്ര്യവും കൈയ്യേറുന്ന നടപടിയാണിതെന്നും വിഷയത്തില്‍ കോടതി വാദം ആരംഭിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളായിട്ടുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും നഷ്ടം നികത്തുന്നതിനായി പിഴയീടാക്കുന്നതിനുള്ള നോട്ടീസുകള്‍ പ്രതികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളുടെ ചിത്രങ്ങളും പേരുവിവരങ്ങളും ലഖ്നൗ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം പ്രതികളില്‍നിന്ന് ഈടാക്കുമെന്നും പിഴ നല്‍കാത്തവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുമെന്നും ചിത്രങ്ങള്‍ക്കൊപ്പം വ്യക്തമാക്കിയിരുന്നു.
സിഎഎയ്ക്ക് എതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 60ഓളം പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കിയിരുന്നു. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സ്വത്തു കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.
Content Highlights: Remove the hoarding of Anti CAA Protest accused- Allahabad highcourt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..