ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഇ-മെയിലിന്റെ ഫൂട്ടര്‍ ആയി ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യവും എടുത്തുമാറ്റാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. പകരം, സുപ്രീം കോടതിയുടെ ചിത്രം ഉള്‍പ്പെടുത്താനും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനോട് കോടതി നിര്‍ദേശിച്ചു. 

സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിന്റെ അടിയില്‍ വരുന്ന ഫൂട്ടര്‍ ഭാഗത്താണ് 'സബ്കാ സാത്ത്, സബ്കാ വിശ്വാസ്' എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. സുപ്രീം കോടതി അയയ്ക്കുന്ന ഏത് മെയിലിനൊപ്പവും ഇതുണ്ടാകും. ഇത് നീക്കംചെയ്യാനാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക മെയിലിന്റെ സാങ്കേതികവശം കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങള്‍ സുപ്രീം കോടതിയുടെ ഇ-മെയിലിനൊപ്പം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് നീക്കംചെയ്യാന്‍ നിര്‍ദേശിച്ചത്. ഇ-മെയിലിന്റെ ഫൂട്ടര്‍ ആയി സുപ്രീം കോടതിയുടെ ചിത്രം ഉപയോഗിക്കാനും കോടതി നിര്‍ദേശിച്ചു.

Content Highlights: Remove PM's picture from footer of Supreme Courts official emails: SC to NIC