
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
''ഈ രാജ്യത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള നിങ്ങള്‍ വ്യക്തിതാല്പര്യങ്ങളും പരിഗണനകളും മാറ്റിവെച്ചുകൊണ്ട് കൂടുതല്‍ മെച്ചപ്പെട്ടതും നിങ്ങള്‍ക്കുകൂടി പ്രാതിനിധ്യമുള്ളതും സമത്വപൂര്‍ണവുമായ ഒരു ഭരണസംവിധാനത്തിനുവേണ്ടിയും നിങ്ങളുടെയും നിങ്ങളുടെ നാടിന്റെയും സ്വാതന്ത്ര്യത്തിനുവേണ്ടിയും ശക്തമായി പോരാടാന്‍ ഇനിയും തയ്യാറല്ലെങ്കില്‍, ഞങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും നമ്മുടെ എതിരാളികള്‍ ആണ് ശരിയെന്നും വിശ്വസിക്കേണ്ടി വരും.''
1883ല്‍ അങ്ങേയറ്റം വേദനയും ആത്മരോഷവും പ്രതിഫലിപ്പിക്കുന്ന ഈ എഴുത്ത് കല്‍ക്കട്ട സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അയച്ചത് സര്‍വീസില്‍ നിന്നും വിരമിച്ച എ. ഒ. ഹ്യും എന്ന ബ്രിട്ടീഷ് ഐസിഎസ് ഉദ്യോഗസ്ഥന് ആയിരുന്നു. തന്റെ മാതൃരാജ്യമായ ബ്രിട്ടന്, ഇന്ത്യയിലെ ജനങ്ങളോട് കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ തദ്ദേശീയരുടെ പ്രസ്ഥാനം രൂപവത്കരിക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം ആ കത്ത് എഴുതിയത്.
പക്ഷികളെക്കുറിച്ച് അഗാധമായ ജ്ഞാനമുണ്ടായിരുന്ന, 'ഇന്ത്യന്‍ ഓര്ണ്ണിത്തോളജിയുടെ പോപ്പ്' എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള അലന് ഒക്ടെവിയന് ഹ്യും, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ഉത്തര്‍പ്രദേശില്‍ ബ്രിട്ടീഷ് സൈന്യത്തെ നയിക്കാന്‍ നിയുക്തനായി. സാധുക്കളായ ഗ്രാമീണരോട് ബ്രിട്ടീഷ് പട്ടാളക്കാര്‍ കാണിച്ച മനുഷ്യവിരുദ്ധമായ കൊടുംക്രൂരതയില്‍ മനംനൊന്ത് 'ദൈവത്തിനല്ലാതെ വേറെ ആര്‍ക്കും പശുവിനെമേയ്ക്കാന് മാത്രം അറിയുന്ന ഈ സാധുക്കളെ രക്ഷിക്കാന്‍ കഴിയുന്നില്ലല്ലോ' എന്ന് അദ്ദേഹം വിലപിച്ചിരുന്നു. ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായതയും താന്‍ നേരില്‍ കണ്ട കൊളോണിയല്ബ്രിട്ടന്റെ പൈശാചികമുഖവും ഹ്യൂമിലെ ലിബറല്‍-മാനവികവാദിയെ വല്ലാതെ ഉലച്ചു കളഞ്ഞു. ജില്ലാ കലക്ടര്‍ ആയിരുന്ന അവസരത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രാഥമികവിദ്യാഭ്യാസം ജനകീയമാക്കാനും ബ്യുറോക്രസിയുടെ സ്വഭാവം മാറ്റാനും ജനപ്രിയമായ പരീക്ഷണങ്ങള്‍ നടത്താനും ശ്രമിച്ച ഹ്യും അതിവേഗം സര്‍ക്കാരിന് അനഭിമതനായി. ഹിന്ദിയില്‍ ലോകമിത്ര എന്ന മാസിക തുടങ്ങിയും അദ്ദേഹം ജനങ്ങളെ പ്രചോദിപ്പിക്കാന്‍ ശ്രമിച്ചു. 1871 മുതല്‍ 1879 വരെ കൃഷി-റവന്യു- വാണിജ്യ വകുപ്പുകളുടെ സെക്രട്ടറിയായിരുന്ന ഹ്യും ഈ അവസരത്തില്‍ ബ്രിട്ടീഷ്സര്‍ക്കാരിന്റെ അനാസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചു. അശാസ്ത്രീയമായ ഭൂനികുതിയും സര്‍ക്കാരിന്റെ കൊടുംചൂഷണവുമാണ് ഇന്ത്യന്‍ ഗ്രാമീണരെ എന്നും പട്ടിണിയിലാക്കുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഹ്യൂമിന്റെ അനിതരസാധാരണമായ സത്യസന്ധതക്കും മനുഷ്യസ്നേഹത്തിനും ബ്രിട്ടീഷ് ഭരണകൂടം വിലയിട്ടത് ആ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിക്കൊണ്ടായിരുന്നു. നിരന്തരം അപമാനിക്കപ്പെട്ടിട്ടും ഹ്യും സര്‍വീസില്‍ തുടര്‍ന്നു.
ഒടുവില്‍, 1882ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചയുടന്‍ ഇന്ത്യക്കാരുടെ ഒരു സംഘടന ഉണ്ടാക്കാന്‍ ഹ്യൂം ആത്മാര്‍ഥമായി ശ്രമിച്ചുതുടങ്ങി. വെറും അമ്പതു പേര്- നല്ലവരും സത്യസന്ധരും രാജ്യസ്നേഹികളും നിസ്വാര്‍ത്ഥരുമായ അമ്പതു മനുഷ്യര്‍- വിചാരിച്ചാല്‍ വലിയൊരു മുന്നേറ്റത്തിന്റെ ആദ്യപടികള്‍ കയറാമെന്നും അത് സ്വാതന്ത്ര്യത്തിലേക്കും ആത്മാഭിമാനത്തിലേക്കും ഇന്ത്യന്‍ ജനതയെ നയിക്കുമെന്നും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ഹ്യൂമിന് ഒടുവില്‍ തന്റെ നിരന്തരമായ പരിശ്രമം വിജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് 1885-ല്‍ ആയിരുന്നു.
അതേ കാലഘട്ടത്തില്‍ തന്നെ സുരേന്ദ്രനാഥ ബാനര്‍ജിയുടെ കല്‍ക്കത്ത ഇന്ത്യന്‍ അസോസിയേഷനും മദ്രാസ് മഹാജന് സഭയും ദാദാബായ് നവറോജിയുടെ ബോംബെ പ്രസിഡന്‍സി അസോസിയേഷനും രൂപം കൊണ്ടിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതികരിക്കാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച മധ്യവര്‍ഗ്ഗം ശ്രമിച്ചുകൊണ്ടേയിരുന്നു. കൊളോണിയല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍, പ്രത്യേകിച്ചും ആയുധ നിയമം, പ്രസ് നിയമം തുടങ്ങിയവ ശക്തമായ ദേശീയ വികാരങ്ങള്‍ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. എങ്കിലും, ഒരു ഏകീകൃതകൂട്ടായ്മയുടെ അഭാവം, ഈ എതിര്‍പ്പുകളുടെ അഗ്നി ആളിപ്പടരുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ചെറു ശബ്ദങ്ങളെ അതിവേഗം നിശബ്ദമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. അങ്ങനെയാണ് ഒരു പാന്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ഇന്ത്യന്‍ ജനതയുടെ അഭിലാഷപൂര്‍ത്തീകരണത്തിന് അനിവാര്യമാണെന്ന് ഇവരെല്ലാം തിരിച്ചറിഞ്ഞത്. ഹ്യൂമിന്റെ ശ്രമങ്ങളെ അതുകൊണ്ടുതന്നെ അന്നത്തെ പ്രാദേശികനേതാക്കള്‍ എല്ലാവരും നിറഞ്ഞ ഹൃദയത്തോടെ പിന്തുണച്ചു.
ആവേശഭരിതനായ ഹ്യൂം തന്റെ സ്വപ്നങ്ങള്‍ക്ക് രൂപം നല്കാന് സകലവഴികളും നോക്കി. അങ്ങനെ തിയോസഫിക്കല്‍ സൊസൈറ്റിയില്‍ അംഗമായിരുന്ന ഹ്യും, 1884ല്‍ മദ്രാസില്‍ വെച്ച് നടന്ന തിയോസഫിക്കല്‍ സമ്മേളനത്തില്‍ ഇന്ത്യയില്‍ ഒരു ലിബറല്‍ കളക്ടീവ് ഉണ്ടാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് വിശദമായി സംസാരിച്ചു. ആ വാദം പൊതുവേ അംഗീകരിക്കപ്പെട്ടു. ആ ദിവസങ്ങളില്‍, അടയാറിലെ വലിയ ആല്‍മരത്തിന്റെ തണലില്‍ ഇരുന്ന് 'മൈലാപ്പൂര് 17' എന്നറിയപ്പെടുന്ന ഒരുകൂട്ടം നേതാക്കളും ഹ്യൂമും ഇന്ത്യന്‍ ദേശിയപ്രസ്ഥാനത്തിന്റെ ആരംഭത്തിന്റെ കാഹളം മുഴക്കി. തങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന ആ പ്രസ്ഥാനം ഭാവിയില്‍ ഇന്ത്യന്‍ജനതയെ വൈവിധ്യങ്ങള്‍ക്ക് അതീതമായി ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു മഹാ വടവൃക്ഷമായി പരിണമിക്കുമെന്ന വിദൂരസ്വപ്നം പോലുമില്ലാതെ...
1885-ല്‍ പൂനയില്‍വെച്ച് പുതിയ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും, അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട കോളറ കാരണം അത് ബോംബെയിലേക്ക് മാറ്റേണ്ടി വന്നു. അങ്ങനെ, 1885 ഡിസംബര്‍ മാസം ഇരുപത്തി എട്ടാം തിയ്യതി രാവിലെ ബോംബേയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃത കോളേജില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ 72 പ്രതിനിധികള്‍ പങ്കെടുത്തു . അവരില്‍ 39 വക്കീലന്മാരും 14 പത്രപ്രവര്‍ത്തകരും ഒരു മെഡിക്കല്‍ ഡോക്ടറും ഉണ്ടായിരുന്നു. ഇന്ത്യയിലെ 250 ജില്ലകളില്‍ നിന്നും വെറും 27 ജില്ലകളിലുള്ള പ്രതിനിധികള്‍ മാത്രമായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്. പുതിയ സംഘടനക്ക് അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് പേരിട്ടു. വൈസ്രോയി ആയ ഡഫറിന്‍ പ്രഭുവിന്റെ ആശിര്‍വാദവും അവര്‍ക്കുണ്ടായിരുന്നു. വ്യോമേഷ് ചന്ദ്ര ബാനര്‍ജിയെ ആദ്യ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത സമ്മേളനം, ഇന്ത്യന്‍ മധ്യവര്‍ഗ വരേണ്യതയുടെയും ബ്രിട്ടീഷ് ചൂഷണത്തിന് എതിരായ സ്വാഭാവിക പ്രതികരണങ്ങളുടെയും ഒരു ദേശീയവേദിയായി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യസമ്മേളനം ഡിസംബര്‍ 28ന് ബോംബെയില്‍ വെച്ച് നടക്കുന്ന അവസരത്തില്‍ ഹ്യൂമിന്റെ സുഹൃത്ത് ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ദൂരെ സ്കോട്ട്ലന്‍ഡിലെ വീട്ടില്‍ ഇരുന്നുകൊണ്ട് അയച്ച സന്ദേശം കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അനല്‍പ്പമായ ആഹ്ലാദം പകര്‍ന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു ധാരാളം ഗവേഷണങ്ങള്‍ ചെയ്തിരുന്ന ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ഒരുപാട് കാലം ഇന്ത്യയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാപിതമായ നിമിഷം അവര്‍ അതിരറ്റ സന്തോഷത്തോടെ ഹ്യൂമിന് എഴുതി: 'ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ പിന്തലമുറക്കാര്ക്കിടയില് നിന്ന് ഒരു പുതിയ ദേശീയതയുടെ പൂമൊട്ട് വിരിഞ്ഞുവന്നതില് ഞാന്‍ ഒരു പാട് ആഹ്ലാദിക്കുന്നു''.
പിന്നീടുള്ള വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചും ജനങ്ങളെ ബോധാവാന്മാരാക്കിയും ഹ്യൂമും ദാദാഭായ് നവറോജിയും സുരേന്ദ്രനാഥ ബാനര്‍ജിയും മറ്റനേകം നേതാക്കളും ദേശീയതയെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. അതോടെ കോണ്‍ഗ്രസ് ബ്രിട്ടീഷുകാരുടെ ശത്രുവായി മാറി. പ്രാദേശികഭാഷകളില്‍ എഴുതിയ ലഘുലേഖകള്‍ സാധാരണ ജനതക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് കോളോണിയല്‍ ഭരണത്തിനു അതിലെഅപകടം മനസിലാക്കാന്‍ കഴിഞ്ഞത്. അധികം വൈകാതെ കോണ്‍ഗ്രസ് രാജ്യദ്രോഹപ്രസ്ഥാനമാണെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധം ഡഫറിന്‍ പ്രഭു തന്നെ പ്രഖ്യാപിച്ചു. അന്നത്തെ നോര്‍ത്ത്-വെസ്റ്റ് പ്രവിശ്യയുടെ ലഫ്റ്റനെന്റ്റ് ഗവര്‍ണ്ണര്‍ ആയിരുന്ന സര് കോള്വിന്, ഹ്യുമിന്റെയും കൊണ്ഗ്രസ്സിന്റെയും കടുത്ത ശത്രുവായി മാറി. 'വിഭജിച്ചു ഭരിക്കുക' എന്ന കൊളോണിയല്‍ അജണ്ടയുടെ ഏറ്റവും വിഷം നിറഞ്ഞ പ്രസ്താവനയും അക്കാലത്ത് കോള്വിന് നടത്തി. കോണ്‍ഗ്രസ് ഒരിക്കലും ഇന്ത്യക്കാരുടെ പൊതുവായ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സംഘടന അല്ലെന്നും, ഇന്ത്യന്‍ മുസ്ലിങ്ങളുടെ ആഗ്രഹങ്ങള്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് വിഭിന്നമാണെന്നും കോള്വിന് പറഞ്ഞത് സര്‍സയ്യിദ് അഹമ്മദ് ഖാനെപ്പോലുള്ളവരെ കോണ്‍ഗ്രസ്സില്‍ നിന്ന് എന്നന്നേക്കുമായി അകറ്റിനിര്‍ത്തി. ഒരു പൊതുദേശീയത ഇന്ത്യയില്‍ നിന്നും ഉണര്‍ന്ന് വരരുതെന്ന കുടിലതന്ത്രം തന്നെയാണ് ഒടുവില്‍ ഇന്ത്യാ വിഭജനംവരെ എത്തുന്ന തരത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ആദ്യം മുതലേ പിന്തുടര്ന്നത്. അപകടം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിങ്ങളെ കൊണ്ഗ്രസ്സിലേക്ക് ആകര്‍ഷിക്കാന്‍ വ്യാപകമായ പ്രചരണം നടത്തി. കോണ്‍ഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളനത്തില്‍ 55 മുസ്ലിം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. മൂന്നാമത്തെ സമ്മേളനത്തില്‍ ബദറുദ്ദീന്‍ തിയാബ്ജിയെ പ്രസിഡന്റ് ആക്കിയ കോണ്‍ഗ്രസ് മതബദ്ധമല്ലാത്ത ഇന്ത്യന്ദേശീയതക്ക് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ക്ഷാമവും പ്ലേഗും ദുര്‍ഭരണത്തിന്റെ അലയൊലികളും കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്വം സങ്കീര്‍ണ്ണമാക്കി. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സാമൂഹ്യ രാഷ്ട്രീയ- സാംസ്കാരിക പരിസരം അങ്ങേയറ്റം വൈവിധ്യമാര്ന്നതാണെന്നതുകൊണ്ട്, ഒരു പൊതുദേശീയതയുടെ ആവിര്‍ഭാവം അത്ര എളുപ്പമല്ലെന്ന് ദീര്‍ഘവീക്ഷണമുള്ള അന്നത്തെ നേതാക്കള്‍ക്കറിയാമായിരുന്നു. മാത്രമല്ല, വിഭിന്ന ജാതി-മത വിശ്വാസികളെ ഏകീകരിക്കുന്ന ഒരൊറ്റ ദേശീയത ഇന്ത്യയില്‍ ഇല്ലെന്നും പല ദേശീയതകളുടെ ഈ മിശ്രിതത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഏക ഘടകം ബ്രിട്ടീഷ് ഭരണം മാത്രമാണെന്നും കൊളോണിയല്‍ ഭരണാധികാരികളും മാധ്യമങ്ങളും പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ ചാലകശക്തികള്‍ പടിവാതിലില്‍ മുട്ടി വിളിക്കുമ്പോഴും ദേശീയബോധത്തിന്റെ ജ്വാലകള്‍ തെളിക്കാന്‍ പറ്റാതെ പലപ്പോഴും കോണ്‍ഗ്രസ് അക്കാലത്ത് പതറിപ്പോയി. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ മാറി മാറി നടത്താനും കൂടുതല്‍ ജനങ്ങളിലേക്ക് കോണ്‍ഗ്രസ്സിന്റെ സന്ദേശം എത്തിക്കാനും ശ്രമിച്ചത്. അതോടൊപ്പം, ഹിന്ദുബ്രാഹ്മണരുടെ സംഘടനയാണ് കോണ്‍ഗ്രസ് എന്ന മുസ്ലിം സ്വത്വവാദികളുടെ ആരോപണത്തിന്റെ മുനയൊടിക്കാന്‍ വേണ്ടി 1889ല്‍ ലെജിസ്ലേറ്റിവ് കൌണ്സിലില് മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി പ്രതിനിധികളുടെ പ്രാതിനിധ്യം അവരുടെ ജനസംഖ്യക്ക് ആനുപാതികമായിട്ടായിരിക്കണം എന്ന പ്രമേയം പാസ്സാക്കുകയും ചെയ്തു.
എങ്കിലും പ്രമേയം പാസാക്കുന്നതിലും വൈസ്രോയിക്ക് കത്ത് കൊടുക്കുന്നതിലും മാത്രം ഒതുങ്ങിനിന്ന കോണ്‍ഗ്രസ്സിന്റെ ആദ്യകാലപ്രവര്ത്തനങ്ങളില് പലരും സംതൃപ്തരായിരുന്നില്ല.വിപ്ലവാത്മകമായ സമീപനങ്ങളിലേക്ക് കോണ്‍ഗ്രസ് നീങ്ങണമെന്ന ആവശ്യം ചെറുപ്പക്കാരായ പല നേതാക്കളും ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍, ഈ സമ്മേളനങ്ങളും പ്രമേയചര്ച്ചകളും പെറ്റീഷനുകളും അവയെക്കുറിച്ചുള്ള പത്രവാര്‍ത്തകളും ഒക്കെ പതുക്കെ പതുക്കെ ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയവല്‍ക്കരണത്തിനും സാമ്രാജ്യത്വ വ്യവസ്ഥിതിയുടെ യഥാര്‍ത്ഥ മുഖം മനസിലാക്കുന്നതിനുമുള്ള ആദ്യ പടവുകള്‍ ആണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
ഒരിക്കല്‍ ചെറുപ്പക്കാരനായ ഗോപാലകൃഷ്ണ ഗോഖലെ താന്‍ വളരെ കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കിയ ഒരു പരാതിക്ക് കേവലം രണ്ടു വരി മറുപടി മാത്രം അയച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ ഉണ്ടായ രോഷവും വേദനയും കോണ്‍ഗ്രസിലെ സമുന്നതരായ നേതാക്കളെ അറിയിക്കുകയുണ്ടായി. അന്ന്, സര്‍വാദരണീയനും ഋഷിതുല്യനുമായിരുന്ന മഹാദേവ ഗോവിന്ദ റാണഡേ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: 'ഗോപാല്‍, ചരിത്രത്തില്‍ നിങ്ങളുടെ സ്ഥാനം എത്ര ഉയര്‍ന്നതാണെന്ന് നിങ്ങള്‍ മനസിലാക്കുന്നില്ല. നിങ്ങള്‍ എഴുതി അയച്ചത് കേവലം വരികളല്ല, സര്‍ക്കാരിനോടുള്ള പരാതികള്‍ അല്ല. മറിച്ച്, അതെല്ലാം ഇന്ത്യന്‍ ജനതയോടുള്ള ഹൃദയം തുറന്ന സംഭാഷണമാണ്; കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള നിശബ്ദരായ ജനലക്ഷങ്ങളോടുള്ള അഭ്യര്‍ഥനകളാണ്.. അതവരെ ചിന്തിപ്പിക്കും, അവരുടെ മനസ് തുറക്കും, എന്നെങ്കിലും.... അതുവരെ, ദേശീയബോധത്തിന്റെ വഴിത്താരയിലേക്ക് അവര്‍ സ്വയം കടന്നുവരുന്നതുവരെ, നമ്മള് ഇത് തുടര്‍ന്നുകൊണ്ടിരിക്കണം'.
അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ സമീപനം എന്തുകൊണ്ടാണ് വലിയ സമരങ്ങളിലേക്ക് പോകാതെ പെറ്റീഷനുകളില്‍ ഒതുങ്ങിപ്പോയതെന്നതിനുള്ള സുവ്യക്തമായ മറുപടിയാണ് റാണഡേ പറഞ്ഞത്. വികാരനിര്‍ഭരമായ ആ മറുപടി ഗോപാലകൃഷ്ണ ഗോഖലെയെ ജീവിതകാലം മുഴുവന്‍ മിതവാദിയാക്കി. ഗോഖലെയുടെ ആ കാത്തിരിപ്പ് അവസാനിപ്പിക്കാനും ഉദാത്തമായ ഒരു ദേശീയബോധത്തിന്റെ വഴിത്താരയിലേക്ക് ഇന്ത്യന്‍ ജനതയെ ആകമാനം നയിക്കാനും ഒടുവില്‍ സാധിച്ചത്, ഗോഖലെയുടെ തന്നെ അരുമ ശിഷ്യനായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മറ്റൊരു ഋഷിതുല്യ വ്യക്തിക്കായിരുന്നു എന്നത് ഇന്ത്യാ ചരിത്രത്തിലെ പല ആകസ്മികതകളില്‍ ഒന്നാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..