അധികാര ഗോദയിലും ജനമനസ്സ് വായിച്ചയാൾ


മനോജ് മേനോന്‍

ബി.ജെ.പിയുടെ എതിരാളിയെന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നതിനിടയില്‍ തന്നെ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി. ബി.ജെ.പിയെ എതിര്‍ക്കാനായി ബദ്ധശത്രുവായ ബി.എസ്.പിയുമായി കൈകോര്‍ത്തു.

മുലായം സിങ് യാദവ് | Photo: മാതൃഭൂമി

ഗുസ്തിക്കാരനായിരുന്നു മുലായം സിങ് യാദവ്. മകനെ പേരെടുത്ത ഗുസ്തിക്കാരനാക്കണമെന്നായിരുന്നു അച്ഛന്‍ സുധീര്‍ സിങ്ങിന്റെ മോഹം. കളരിയില്‍ പരിശീലിച്ചും ഗോദയില്‍ കസര്‍ത്ത് കാട്ടിയും കൊച്ചുമുലായം പലവട്ടം അച്ഛന്റെ ആഗ്രഹത്തിന് ചുവട് വയ്ക്കുകയും ചെയ്തു. സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥിയെ വളഞ്ഞിട്ട് തല്ലിയ മേല്‍ജാതിവിദ്യാര്‍ഥികൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ടും കര്‍ണാലിലെ ഗോദയില്‍ മുതിര്‍ന്ന ഗുസ്തിക്കാരനെ നൊടിയിടയില്‍ കീഴടക്കിയും കൂട്ടുകാരുടെ ദാദാ ഭയ്യയായി മാറിയ മുലായം, ഭാവിയിലെ രാഷ്ട്രീയഗോദയ്ക്ക് മണ്ണൊരുക്കിയത് ഇക്കാലങ്ങളിലാണ്.

മെയിന്‍പുരിയിലെ അത്തരമൊരു ഗോദയില്‍ മണ്ണ് പുരണ്ട് നില്‍ക്കുമ്പോഴാണ് പില്‍ക്കാല രാഷ്ട്രീയക്കളത്തിന്റെ വാതില്‍ തുറന്ന് നാത്തു സിങ് എന്ന പ്രാദേശിക സോഷ്യലിസ്റ്റ് നേതാവ് മുലായത്തിന്റെ കൈപിടിച്ചത്. പിന്നീട് രാഷ്ട്രീയമായി മുലായം സിങ്ങിന്റെ ഗോദ. പട്ടിണിയുടെയും പരിമിതികളുടെയും ഗ്രാമത്തിലായിരുന്നു മുലായത്തിന്റെ ആദ്യകാല ജീവിതം. ഇക്കാലത്തെക്കുറിച്ച് മുലായം പറഞ്ഞത് ഇപ്രകാരമായിരുന്നു; 'ചെറിയ കുടിലുകളും കന്നുകാലികളും. സെയ്ഫായി ഗ്രാമത്തിന് മൊത്തത്തില്‍ ഒരു കിണര്‍മാത്രം. സ്‌കൂളില്ല, റോഡില്ല. എന്നെ ഗുസ്തിക്കാരനാക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചു. പഠിക്കണമെന്ന് ഞാനും. ഗ്രാമമുഖ്യന്‍ മഹേന്ദ്ര സിങ്ങായിരുന്നു ആദ്യത്തെ അധ്യാപകന്‍. എനിക്കും കൂട്ടുകാര്‍ക്കും വേണ്ടി അദ്ദേഹം രാത്രികളില്‍ ക്ലാസുകളെടുത്തു'.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും 'നേതാജി'യായി പരിണമിച്ച മുലായം പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവായി വളര്‍ന്നത് ഈ പരുക്കന്‍ യാഥാര്‍ഥ്യങ്ങളുടെ അനുഭവബലത്തിലാണ്. അരിക്‌വല്‍ക്കരിക്കപ്പെട്ട ജനതയുടെ ആത്മവീര്യമുയര്‍ത്തി മുഖ്യധാരയില്‍ അവരോധിക്കുന്നതിനും ഭരണത്തില്‍ അവര്‍ക്ക് പങ്കാളിത്തമുറപ്പിക്കുന്നതിനും മതേതരമൂല്യങ്ങളുടെ അടയാളമുള്ള രാഷ്ട്രീയം പ്രയോഗിക്കുന്നതിനും മുലായം സിങ് എന്ന നേതാവിന് വഴിയൊരുക്കിയത് ഈ ജീവിതപരിസരങ്ങളാണ്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ തുടങ്ങി ജാതി സമവാക്യങ്ങളുടെ സമര്‍ഥമായ ചേരുവകളുപയോഗിച്ച് സ്വത്വ രാഷ്ട്രീയം സൃഷ്ടിച്ച് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദല്‍ തീര്‍ത്ത് യു.പിയെ ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണശാലയാക്കിയതില്‍ മുലായത്തിന്റെ സംഭാവന പാഠപുസ്തകമാണ്.

ദേശീയ രാഷ്ട്രീയത്തില്‍ പല കാലങ്ങളില്‍ രൂപമെടുത്ത പ്രതിപക്ഷ കൂട്ടായ്മകളുടെയും ബദല്‍ സര്‍ക്കാരുകളുടെയും മുന്‍നിരയില്‍ മുലായമുണ്ടായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഗതിമാറ്റം തീര്‍ത്ത 1990 കളിലെ മണ്ഡല്‍ രാഷ്ട്രീയത്തിന്റെ അടിത്തറയില്‍ ശക്തിപ്രാപിച്ച പിന്നാക്ക- ന്യൂനപക്ഷ- ദളിത് മുന്നേറ്റങ്ങള്‍ക്ക് യു.പിയില്‍ മുലായവും ബിഹാറില്‍ ലാലുപ്രസാദ് യാദവുമാണ് ചുക്കാന്‍ പിടിച്ചത്. ഉത്തര്‍പ്രദേശില്‍ സവര്‍ണമേധാവിത്വത്തെയും ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങളെയും ചെറുക്കാന്‍ യാദവ-മുസ്ലീം സമവാക്യം രൂപപ്പെടുത്തിയാണ് മുലായം തന്റെ തട്ടകം ബലപ്പെടുത്തിയത്. അതെസമയം, മണ്ഡലിന് ബദലായി കമണ്ഡല്‍ എന്ന് വിശേഷിപ്പിക്കുന്ന ഹൈന്ദവ രാഷ്ട്രീയധാര രൂപപ്പെട്ടതും ഇക്കാലത്തിന്റെ സംഭാവനയാണ്. അയോധ്യാ വിഷയം ഇരുധാരകള്‍ക്കും രാഷ്ട്രീയ വളമായതും ഈ കാലത്തായിരുന്നു.

അറുപതുകളില്‍ യു.പിയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായിരുന്ന നാത്തു സിങ്ങാണ് മുലായം സിങ് യാദവിന്റെ രാഷ്ട്രീയ ഗുരു. ഗുസ്തിക്കളത്തെക്കാള്‍ മുലായമിന് ചേരുന്നത് രാഷ്ട്രീയക്കളമാണെന്ന് നാത്തു സിങ് തിരിച്ചറിഞ്ഞതാണ് മുലായം സിങ്ങിന്റെ രാഷ്ട്രീയജീവിതത്തിന് വഴിവെട്ടിയത്. വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ ജയപ്രകാശ് നാരായണിന്റെയും രാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണന്റെയും സോഷ്യലിസ്റ്റ് ആശയധാരയില്‍ ആകൃഷ്ടനായിരുന്ന മുലായം വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. രാം മനോഹര്‍ ലോഹ്യയെ നാത്തു സിങ് മുലായത്തിന് പരിചയപ്പെടുത്തിയതോടെ ഉത്തര്‍പ്രദേശില്‍ ഒരു പുതിയ നേതാവ് ആള്‍രൂപമെടുത്തു. തുടര്‍ന്ന് ലോഹ്യാവാദിയായി മാറിയ മുലായം 1967ല്‍ ജസ്വന്ത് നഗര്‍ മണ്ഡലത്തില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസ് നേതാവ് അഡ്വ.ലഖന്‍ സിങ്ങായിരുന്നു എതിരാളി. 1.03 ലക്ഷം വോട്ട് നേടി കന്നി മത്സരത്തില്‍ വമ്പനെ വീഴ്ത്തി മുലായം തന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കമെഴുതി. ലോഹ്യയുടെ മരണ ശേഷം മുലായം രാജ് നാരായണിന്റെ ശിഷ്യനായി. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിലിലായി. തുടര്‍ന്ന് സോഷ്യലിസ്റ്റ് ചേരിയില്‍ ചരണ്‍ സിങ്, ബഹുഗുണ, ദേവിലാല്‍, വി.പി.സിങ്, ചന്ദ്രശേഖര്‍ എന്നീ നേതൃപരമ്പരകളുടെയും ജനത, ഭാരതീയ ലോക്ദള്‍, ജനതാദള്‍ എന്നീ രാഷ്ട്രീയ വേദികളുടെയും പല കുടക്കീഴിലായി. 1992ല്‍ സമാജ് വാദി പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ കളം നിറയാന്‍ മുലായത്തിന് വേദി ഒരു പരിമിതിയായിരുന്നില്ല.

പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു മുലായം. അതിനായി നിലപാടുകളില്‍ കടുംപിടുത്തത്തിന് മുലായം ഒരുക്കമായിരുന്നില്ല. ബി.ജെ.പിയുടെ എതിരാളിയെന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നതിനിടയില്‍ തന്നെ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി. ബി.ജെ.പിയെ എതിര്‍ക്കാനായി ബദ്ധശത്രുവായ ബി.എസ്.പിയുമായി കൈകോര്‍ത്തു. പ്രതിപക്ഷഐക്യത്തിന് വഴിയൊരുക്കിയത് പോലെ ചില നിര്‍ണായകഘട്ടങ്ങളില്‍ പ്രതിപക്ഷത്തെ കൈവെടിഞ്ഞു. പ്രായോഗികവാദിയായിട്ടും അമര്‍സിംഗ് എന്ന ചാണക്യന്റെ വലയില്‍ വീണ് പിടഞ്ഞു. ഈ കുടമാറ്റങ്ങള്‍ അവസരവാദിയെന്ന വിളിപ്പേരിനും പ്രതിപക്ഷ നിരയുടെ വിശ്വാസക്കുറവിനും ഇടയാക്കിയെന്നത് മുലായംചരിത്രത്തിന്റെ മറുപുറം.

താഴെത്തട്ടിലെ ജനങ്ങളുടെ നേതാവായിരുന്നു മുലായം. അധികാരത്തിന്റെ പടവുകള്‍ പലകുറി കയറിപ്പോയപ്പോഴും പദവികള്‍ പലത് സ്വന്തമായപ്പോഴും അതില്‍ മാറ്റമുണ്ടായില്ല. ചരിത്രം മുലായം സിങ്ങിനെ നിര്‍വചിക്കുക അങ്ങനെയായിരിക്കും.

Content Highlights: remembering mulayam singh yadav


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented