ഏകനാഥ് ഷിന്ദേ (ഇടത്), വിമത ക്യാമ്പിലെത്തിയ മന്ത്രി ഉദയ് സാമന്തിനെ ആശ്ലേഷിക്കുന്നു| Photo: ANI
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേനാ വിമതനേതാവ് ഏകനാഥ് ഷിന്ദേയ്ക്കും ഒപ്പമുള്ള എം.എല്‍.എമാര്‍ക്കും ആശ്വാസം. അയോഗ്യരാക്കാനുള്ള നോട്ടീസില്‍ വിശദീകരണം നല്‍കാനുള്ള സമയം ജൂലൈ 12-ാം തീയതി വൈകിട്ട് 5.30 വരെ സുപ്രീം കോടതി നീട്ടിക്കൊടുത്തു. അയോഗ്യരാക്കാതിരിക്കാനുള്ള കാരണം തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കുള്ളില്‍ അറിയിക്കണമെന്നായിരുന്നു നേരത്തെ ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ ആവശ്യപ്പെട്ടിരുന്നത്.
ഷിന്ദേയ്ക്കും 15 വിമത എം.എല്‍.എമാര്‍ക്കുമാണ് സിര്‍വാള്‍, നോട്ടീസ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഇതിനെ ചോദ്യം ചെയ്ത് ഷിന്ദേ സുപ്രീം കോടതിയെ സമീപിച്ചു. അയോഗ്യതാ നോട്ടീസ് നല്‍കിയതിലും അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതിനെയുമാണ് ഷിന്ദേ ഗ്രൂപ്പ് ചോദ്യം ചെയ്തിരുന്നത്. ഇക്കാര്യത്തിലാണ് സുപ്രീംകോടതിയില്‍ ഇപ്പോള്‍ ഇടക്കാല നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മാത്രമല്ല, വിമത നേതാക്കള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പാര്‍ദിവാല എന്നിവരിടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജൂലൈ 11-ലേക്കും കോടതി മാറ്റിവെച്ചു.
അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരേ ഏകനാഥ് ഷിന്ദേ നല്കിയ ഹര്‍ജിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍, ചീഫ് വിപ്പ് സുനില്‍ പ്രഭു, ശിവസേനാ നിയമസഭാ കക്ഷി നേതാവ് അനില്‍ ചൗധരി, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസും അയച്ചിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി പരിഗണിക്കവേ, എന്തുകൊണ്ട് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് വിമതരുടെ അഭിഭാഷനായ എന്‍.കെ. കൗളിനോട് സുപ്രീം കോടതി ആരാഞ്ഞു. വിമതരുടെ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ ഭീഷണിയുണ്ടെന്നും ബോംബൈയില്‍ തങ്ങളുടെ അവകാശങ്ങള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടാകുന്ന സാഹചര്യമാണെന്നും കൗള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..