മുംബൈ: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര മേഖല കൈപ്പിടിയിലൊതുക്കാനൊരുങ്ങി മുകേഷ് അംബാനി. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഭീമന്‍മാരായ ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് എന്നിവയെ മറികടക്കുംവിധത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

ഗുജറാത്തില്‍ റിലയന്‍സിന് നിലവിലുള്ള 12 ലക്ഷത്തോളം ചില്ലറ വില്‍പന കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. 

ജിയോ ടെലികോം അടക്കമുള്ള മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളെക്കൂടി കൂട്ടിയിണക്കി ബൃഹത്തായ ചില്ലറവില്‍പന ശൃംഖല രൂപപ്പെടുത്താനാണ് റിലയന്‍സ് ലക്ഷ്യംവെക്കുന്നത്. ലോകമെമ്പാടും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വിപണിയില്‍ ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയുമെല്ലാം അധീശത്വത്തെ ഇതിലൂടെ മറികടക്കാമെന്ന് റിലയന്‍സ് കരുതുന്നു.

നിലവില്‍ 28 കോടി ഉപയോക്താക്കളാണ് റിലയന്‍സ് ജിയോയ്ക്ക് ഉള്ളത്. ഇന്ത്യയിലെ 6,500 നഗരങ്ങളിലായി പതിനായിരത്തോളം ചെറുകിട വില്‍പന കേന്ദ്രങ്ങളുമുണ്ട്. ഇവയെയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ജിയോ ആപ്പുകളും മറ്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരിക്കും പുതിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല പ്രവര്‍ത്തിക്കുകയെന്ന് റിലയന്‍സ് വക്താവ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ വ്യാപാര മേഖലയിലുള്ള വിദേശ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ അടുത്തിടെ നിയമം കര്‍ക്കശമാക്കിയിരുന്നു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഇത് തിരിച്ചടിയായിരുന്നു. റിലയന്‍സ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് ഗുണകരമാവുമെന്നാണ് കരുതുന്നത്.