മുംബൈ: ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സൈറ്റായ അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികള്‍ 182.12 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡാണ് അര്‍ബന്‍ ലാഡറിനെ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍.
അര്‍ബന്‍ ലാഡറിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലില്‍ 96 ശതമാനം സ്വന്തമാക്കുന്ന നിക്ഷേപമാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് നടത്തിയിരിക്കുന്നത്. ഒപ്പം അര്‍ബന്‍ ലാഡറിന്റെ ബാക്കിയുള്ള ഓഹരികള്‍കൂടി വാങ്ങി 100 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ റിലന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് പദ്ധതിയിടുന്നുണ്ട്. 2023 ഡിസംബറോടെ 75 കോടി രൂപ കൂടി നിക്ഷേപം നടത്താനാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഉദ്ദേശിക്കുന്നത്.
ഫര്‍ണിച്ചറുകളും ഗാര്‍ഹിക അലങ്കാര വസ്തുക്കളും ഓണ്‍ലൈന്‍വഴി വിപണനം നടത്തുന്ന വ്യാപാര ശൃംഖലയായ അര്‍ബന്‍ ലാഡര്‍ എട്ടുവര്‍ഷം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങളില്‍ റീട്ടെയില്‍ സ്റ്റോറുകളുടെ ഒരു ശൃംഖലയും അര്‍ബന്‍ ലാഡറിനുണ്ട്.
Content Highlights: Reliance Retail Ventures acquires majority stake in Urban Ladder for ₹182.12 crore