ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രതിപക്ഷം സംശയം ഉന്നയിക്കുന്ന റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് ഇന്ത്യ- റഷ്യ എസ്-400 മിസൈല്‍ ഇടപാടിലും ഓഫ്‌സെറ്റ് പങ്കാളിയാണെന്ന് വിവരങ്ങള്‍ പുറത്ത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദര്‍ശിച്ച സമയത്ത് റിലയന്‍സ് ഡിഫന്‍സും റഷ്യയിലെ മറ്റൊരു കമ്പനിയായ അല്‍മാസ് ആന്റെയുമായി അറ്റകുറ്റപ്പണിക്കും നിര്‍മാണത്തിനുമുള്ള പങ്കാളിത്തത്തിനുള്ള 600 കോടിയുടെ കരാറിലേര്‍പ്പെട്ടിരുന്നു. 

ഇന്ത്യ വാങ്ങുന്ന എസ്-400 പ്രതിരോധ സംവിധാനം നിര്‍മിക്കുന്ന റോബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ ഉപകമ്പനിയാണ് അല്‍മാസ് ആന്റെ. എസ്-400 മിസൈല്‍ സംവിധാനത്തിന്റെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കാണ് കരാറെന്ന് ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സ് ഡിഫന്‍സും, അല്‍മാസ് ആന്റെയും സംയുക്തമായി ഇന്ത്യയ്ക്ക് വേണ്ടി മിസൈല്‍ നിര്‍മിക്കുമെന്നാണ് 2015 ഡിസംബറില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. 

Press releaseഇന്ത്യാ- റഷ്യാ ബന്ധത്തിലെ നിര്‍ണായക നാഴികക്കല്ലാണ്‌ ഇരുകമ്പനികളും തമ്മിലുള്ള പങ്കാളിത്തമെന്നാണ് റലയന്‍സ് ഡിഫന്‍സിന്റേതായി പുറത്തിറങ്ങിയ 2015 ലെ പത്രക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ ഭാവിയില്‍ നിര്‍മിച്ചുനല്‍കാന്‍ പങ്കാളിത്തം സഹായിക്കുമെന്ന് അല്‍മാസ് ആന്റെയും പറയുന്നു. 

വെള്ളിയാഴ്ചയാണ് വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും റഷ്യയും അത്യാധുനിക മിസൈല്‍ വേധ സംവിധാനമായ എസ്-400 വാങ്ങാന്‍ കരാര്‍ ഒപ്പിടുന്നത്. 500 കോടി ഡോളറോളം മുടക്കി അഞ്ച്  യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. റഷ്യയില്‍ നിന്ന് ആയുധം വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎസ് ഭീഷണി വകവെക്കാതെയാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചത്. 

Content Highlights: India, Russia, S-400 missile deal, Reliance Defense, Rosoboronexport, Almaz-Antey