മുംബൈ: മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം ദിവസേന 1000 മെട്രിക് ടൺ വർധിപ്പിച്ച് റിലയൻസ്.

ജാംനഗറിലെ റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സിലും മറ്റ് ഫാക്ടറികളിലുമായാണ് റിലയൻസ്  പ്രതിദിനം 1000 മെട്രിക് ടൺ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം നടത്തുന്നത്.  ഇത് ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 11 ശതമാനമാണ്.  ഇപ്രകാരം ഒരു ദിവസം ഒരു ലക്ഷം പേർക്കുള്ള ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് സൗജന്യമായാണ് നൽകുന്നത്. 
 
കോവിഡ് വ്യാപനത്തിന്  മുമ്പ്, മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ റിലയൻസ് ഉത്പാദിപ്പിച്ചിരുന്നില്ല. എന്നാൽ ഓക്സിജൻ ആവശ്യം വർധിച്ചതോടെ മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉൽ‌പാദിപ്പിക്കുന്നതിനായി റിഫൈനിംഗ്, പെട്രോകെമിക്കൽസ് ഗ്രേഡ് ഓക്സിജൻ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത നിലവിലെ പ്ലാന്റുകൾ പുനക്രമീകരിക്കുകയായിരുന്നു. 

ദിവസേന ഒരു ലക്ഷത്തിലധികം രോഗികൾക്ക് ഉടനടി ആശ്വാസം പകരുന്നതിനായി സംസ്ഥാന സർക്കാരുകൾക്ക് ഈ ഓക്സിജൻ സൗജന്യമായി നൽകുകയാണ് റിലയൻസ്. 2020 മാർച്ചിൽ കോവിഡ് മഹാമാരി ആരംഭിച്ചതുമുതൽ റിലയൻസ് രാജ്യത്തുടനീളം 55,000 മെട്രിക് ടൺ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ വിതരണം ചെയ്തതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 
 
 നൈട്രജൻ ടാങ്കറുകളെ  പെസോ അംഗീകരിച്ച നൂതനവും സുരക്ഷിതവുമായ പ്രക്രിയകളിലൂടെ  മെഡിക്കൽ ഗ്രേഡ് ഓക്സിജന്‍ ട്രാൻസ്പോർട്ട് ട്രക്കുകളാക്കി മാറ്റുകയായിരുന്നു.