Photo: NDTV
ഹൈദരാബാദ്: ചികിത്സയ്ക്ക് ശേഷം വിട്ടയച്ച കോവിഡ്-19 രോഗികളെ ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിക്കുന്നതായി ഹൈദരാബാദ് ഗാന്ധി ആശുപത്രി അധികൃതര്‍. കഴിഞ്ഞ 10-15 ദിവസങ്ങള്‍ക്കിടെ ചികിത്സയില്‍ കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അന്‍പതിലധികം പേരാണ് വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നതെന്ന് ആശുപത്രിയുടെ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭാകര്‍ റാവു പറഞ്ഞു.
രോഗലക്ഷണങ്ങളോ അനാരോഗ്യമോ ഇല്ലാത്തതിനാല്‍ ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ച് വീട്ടിലേക്ക് അയച്ചതാണെന്നും എന്നാല്‍ കുടുംബാംഗങ്ങള്‍ ഇവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചതായും ഡോ. പ്രഭാകര്‍ റാവു വ്യക്തമാക്കി. മണിക്കൂറുകളോളം ആശുപത്രിയില്‍ കാത്തിരുന്നിട്ടും ബന്ധുക്കളെത്താത്തതിനെ തുടര്‍ന്ന് ഇവരെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡോ. റാവു കൂട്ടിച്ചേര്‍ത്തു.
50 വയസിന് മേലെ പ്രായമുള്ളവരൊഴികെയുള്ളവരെ നാച്വറല്‍ ക്യുവര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ കോവിഡ് നെഗറ്റീവാണെന്ന് പരിശോധന നടത്തി ഉറപ്പു നല്‍കിയ ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്ന് ബന്ധുക്കള്‍ അറിയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പുനഃപരിശോധന അസാധ്യമാണെന്ന് ഡോ. റാവു വ്യക്തമാക്കി.
15 ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 93 കാരിയുടെ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. രോഗം ഭേദമായി ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ച അവരെ ബന്ധുക്കള്‍ കൂട്ടാനെത്താത്തതിനെ തുടര്‍ന്ന് തെലങ്കാനയിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ ഗാന്ധി ആശുപത്രിയില്‍ തന്നെ കഴിയുകയാണവര്‍.
Content Highlights: Relatives of over 50 recovered Covid-19 patients in Hyderabad refuse to take them back home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..