അമേഠി (യു.പി): അമേഠിയുമായുള്ള ബന്ധം തനിക്ക് ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോട് പരാജയപപ്പെട്ടശേഷം ആദ്യമായി അവിടം സന്ദര്‍ശിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

പ്രദേശവുമായുള്ള തന്റെ ബന്ധം വ്യക്തിപരമാണ്. രാഷ്ട്രീയമല്ല. ജയവും തോല്‍വിയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍, ഒരുകാലത്തും അമേഠിയെ ഉപേക്ഷിക്കാനാവില്ല. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള നീണ്ട പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. പാര്‍ട്ടിയെ ശക്തമാക്കുന്നതിനുള്ള നീക്കങ്ങളില്‍ എന്നും പ്രവര്‍ത്തകര്‍ക്ക് ഒപ്പംനില്‍ക്കും.

അമേഠിയിലെ നിര്‍മല ദേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതാക്കളും അടക്കം 1200 പ്രവര്‍ത്തകരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ 15000ലേറെപ്പേര്‍ യോഗത്തിനെത്തി. അന്തരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗപ്രസാദ് ഗുപ്തയുടെ വീടും രാഹുല്‍ സന്ദര്‍ശിച്ചു.

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്ററുകള്‍

അമേഠി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം രാഹുല്‍ ഗാന്ധി ആദ്യമായി നടത്തുന്ന അമേഠി സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ വമര്‍ശിച്ചുകൊണ്ട് പോസ്റ്ററുകള്‍. സഞ്ജയ് ഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കിടെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജീവ് ഗാന്ധി ട്രസ്റ്റ് നടത്തുന്ന ആശുപത്രിയാണ് സഞ്ജയ് ഗാന്ധി ഹോസ്പിറ്റല്‍. ട്രസ്റ്റിലെ അംഗങ്ങളില്‍ ഒരാളാണ് രാഹുല്‍ഗാന്ധി.

ആശുപത്രിയില്‍ ഏപ്രില്‍ 25ന് പ്രവേശിപ്പിക്കപ്പെട്ട നന്ദലാല്‍ മിശ്ര എന്നയാളാണ് തൊട്ടടുത്ത ദിവസം മരിച്ചത്. ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മിശ്രയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, മോദി സര്‍ക്കാര്‍ നല്‍കിയ ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ള വ്യക്തിയെ ഡോക്ടര്‍മാര്‍ വേണ്ടവിധം ചികിത്സിച്ചില്ലെന്ന ആരോപണം തിരഞ്ഞെടുപ്പിനിടെ ബിജെപി ഉന്നയിച്ചിരുന്നു.

Content highlights: Rahul Gandhi, Congress, Amethi