ന്യൂഡല്‍ഹി: സബര്‍ബന്‍ തീവണ്ടികള്‍ ഉള്‍പ്പടെയുളള പതിവ് ട്രെയിന്‍ സര്‍വീസുകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി റെയില്‍വെ മന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണിത്. ഓഗസ്റ്റ് 12 വരെയാണ് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അതിനുശേഷവും പതിവ് സര്‍വീസുകള്‍ ഉണ്ടാവില്ലെന്നാണ് ഇന്ന് വ്യക്തമാക്കിയിട്ടുള്ളത്.
തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന 230 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. അവശ്യ സേവന മേഖലകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സര്‍വീസ് നടത്തുന്ന മുംബൈ ലോക്കല്‍ ട്രെയിനുകളും സര്‍വീസ് തുടരും.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25-ന് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ അവസാനിപ്പിച്ചിരുന്നു. പിന്നീട് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളില്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത്. നിയന്ത്രണങ്ങളോടെയാണ് ശ്രമിക് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
Content Highlights:Regular train services to remain suspended till further notice