ചെന്നൈ: 'അര്‍ഹമായ നീതി ലഭിക്കുന്നതിന് ഇത്രയും ദീര്‍ഘകാലം നിങ്ങള്‍ കാത്തിരിക്കേണ്ടി വന്നതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു...! 24 വര്‍ഷത്തിനു ശേഷം അന്യായക്കാരിക്ക് അനുകൂലമായുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനു പിന്നാലെ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ വളരെ അസാധാരണമായ പ്രതികരണമാണ് ഇത്. മകന് നഷ്ടമായ സ്ത്രീക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമര്‍ശം.
മകന് അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കേണ്ട പരാതിയുടെ വാദവുമായി ബന്ധപ്പെട്ടാണ് ബക്കിം എന്ന സ്ത്രീ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും 3.4 ലക്ഷം രൂപയാണ് നഷ്ടപരിഹാര ഇനത്തില്‍ ഇവര്‍ക്ക് ലഭിക്കാനുള്ളത്. എന്നാല്‍ നിയമപരമായ നൂലാമാലകളാല് കേസിലെ ഇരു കക്ഷികളുടേയും വാദം 24 വര്‍ഷത്തോളം നീണ്ടു.
ബക്കിമിന്റെ ലോറി ഡ്രൈവറായ മകന് ലോകേശ്വര്‍ 1993 മെയ് മാസമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്പോര്‍ട്ട് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോകേശ്വര്‍ സംഭവ സ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. മകന്റെ മരണത്തിനാണ് ബക്കിം ലോറി ഉടമയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിനായി വര്‍ക്ക്മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമാണ് ബക്കീം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിനെ സമീപിച്ചത്. എന്നാല്‍ വാഹനാപടകങ്ങള്ക്ക് ബാധകമാവുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുള്ള ക്ലെയിം ആണെന്ന് ചൂണ്ടിക്കാട്ടി ബക്കീമിന്റെ അപേക്ഷ കമ്പനി തള്ളി.
പിന്നീട് പരാതിയില്‍ അപ്പീല്‍ നല്‍കുന്നതിന് പകരം ബക്കീം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലില്‍ പുതിയ അപേക്ഷ നല്കി. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ബക്കിമിന്റെ ആവശ്യം. എന്നാല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത ലോറി ഉടമ ബക്കീമിന്റെ വാദത്തെ എതിര്‍ത്ത് രംഗത്തെത്തി. വര്‍ക്ക്മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം നല്കിയ പരാതി റദ്ദാക്കാതെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് നിയമസാധുതയില്ലെന്ന് വാദിച്ചാണ് അപേക്ഷയെ കോടതിയില്‍ ലോറി ഉടമ എതിര്‍ത്തത്.
എന്നാല്‍ കേസ് പരിഗണിക്കുന്നതിനിടെ ലോറി ഉടമയുടെ വാദത്തെ ട്രിബ്യൂണല്‍ തള്ളി, 3.47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടു. നഷ്ടപരിഹാരത്തിന്റെ പകുതി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും പകുതി ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കണമെന്നായിരുന്നു ട്രിബ്യൂണല്‍ ഉത്തരവ്. എന്നാല്‍ ഉത്തരവില്‍ അതൃപ്തി പ്രകടിപ്പിച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി മദ്രാസ് ഹൈക്കോടതിയെ അപ്പീലുമായി സമീപിച്ചു.
എന്നാല്‍ കമ്പനിയുടെ അപ്പീല്‍ കോടതി തള്ളി. ബക്കീം നല്കിയ പരാതിയില്‍ നിയമപരമായ തടസങ്ങളുണ്ടെങ്കിലും കഴിഞ്ഞ 24 വര്‍ഷമായി മകന് നഷ്ടപ്പെട്ട അമ്മയ്ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്നത് ഖേദകരമാണെന്ന് കോടതി നിരീക്ഷിച്ചു. വര്‍ക്ക്മെന്‍സ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം ബക്കീം നല്കിയ അപേക്ഷ റദ്ദാക്കി നാലാഴ്ചയ്ക്കുള്ളില്‍ ആവശ്യമായ നഷ്ടപരിഹാരം അധികൃതര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എന്‍ ശേഷസായിയായിരുന്നു അപ്പീല്‍ പരിഗണിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..