കമൽനാഥ് | Photo: ANI
ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന വനിതാസ്ഥാനാര്‍ഥിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. ആര്‍ക്കെങ്കിലും തന്റെ പരാമര്‍ശം അവഹേളനമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് കമല്‍നാഥ് പറഞ്ഞു." ഞാന്‍ അവഹേളിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് അവര്‍ പറയുന്നു. ഏത് പരാമര്‍ശം. ഞാന്‍ സത്രീകളെ ബഹുമാനിക്കുന്നു. ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു." - കമല്‍നാഥ് പറഞ്ഞു.
ബിജെപി സ്ഥാനാര്‍ഥിയായ ഇമര്‍തി ദേവിയെ 'ഐറ്റം' എന്ന് വിശേഷിപ്പിച്ച കമല്‍നാഥിന്റെ പരാമര്‍ശം പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം. ദാബ്രയില്‍ നടന്ന യോഗത്തിനിടെയാണ് കമല്‍നാഥ് ഇമര്‍തി ദേവിയ്‌ക്കെതിരെ തിരിഞ്ഞത്.
ഒരു 'ഐറ്റ'മായ എതിര്‍സ്ഥാനാര്‍ഥിയെ പോലെയല്ല തങ്ങളുടെ സ്ഥാനാര്‍ഥിയെന്നും അദ്ദേഹം എളിയവനാണെന്നുമായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍. 'ഞാന്‍ എതിര്‍സ്ഥാനാര്‍ഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കേവര്‍ക്കും അവരെ അറിയാം. എന്തൊരിനമാണത്'- കമല്‍ നാഥ് പറഞ്ഞു. ഇതിനിടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ ഇമര്‍തി ദേവി എന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു.
Content Highlights: Regret if my comment hurt someone: Congress leader Kamal Nath on 'item' jibe for Imarti Devi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..