ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് എതിരെ നടത്തിയ 'കഴുത' പരാമര്‍ശം പിന്‍വലിച്ച തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ റേവന്ത് റെഡ്ഡി അദ്ദേഹത്തോട് മാപ്പു പറഞ്ഞു. ക്ഷമാപണം സ്വീകരിക്കുന്നുവെന്നും ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും തരൂര്‍ പ്രതികരിച്ചു.

റെഡ്ഡി തന്നെ വിളിച്ചിരുന്നുവെന്നും ക്ഷമാപണം നടത്തിയെന്നും തരൂര്‍ വ്യക്തമാക്കി. ദൗര്‍ഭാഗ്യകരമായ പ്രശ്നം അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. തെലങ്കാനയിലും രാജ്യം മുഴുവനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ശശി തരൂരിനെ റേവന്ത് റെഡ്ഡി കഴുതയെന്ന് വിളിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. സംസ്ഥാന ഐ.ടി മന്ത്രി കെ.ടി രാമറാവുവിനെ പ്രശംസിച്ച തരൂരിനോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് റേവന്ത് റെഡ്ഡി വിവാദ പരാമര്‍ശം നടത്തിയത്. അനായാസം ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയും എന്നതുകൊണ്ട് ഒരാള്‍ അറിവുള്ള ആളാണെന്ന് കരുതാനാവില്ലെന്ന് റെഡ്ഡി പറഞ്ഞിരുന്നു. എന്നാല്‍, തരൂരിനോട് നേരിട്ട് സംസാരിച്ചുവെന്നും തന്റെ പരാമര്‍ശം മുതിര്‍ന്ന സഹപ്രവര്‍ത്തകനെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് അറിയിച്ചതായും അദ്ദേഹം പിന്നീട് അറിയിച്ചു.

റേവന്ത് റെഡ്ഡിയുടെ വിവാദ പരാമര്‍ശം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി നേതാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. റെഡ്ഡിക്കെതിരെ വിമര്‍ശം ഉന്നയിച്ച കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Reddy apologises over his 'donkey' remark, Tharoor accepts 'expression of regret'