ഭോപ്പാല്‍: മധ്യപ്രദേശില്‍ അപൂര്‍വയിനത്തില്‍പ്പെട്ട പാമ്പിനെ പിടികൂടി വില്‍ക്കാന്‍ ശ്രമിച്ച അഞ്ചുപേര്‍ പിടിയില്‍. അന്താരാഷ്ട്രവിപണിയില്‍ 1.25കോടിരൂപയോളം വിലവരുന്ന Red sand boa snake  എന്ന പാമ്പിനെയാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്. 

ശനിയാഴ്ചയാണ് സംഭവം. അത്യപൂര്‍വമായി കാണപ്പെടുന്ന Red sand boa snake ന് വിഷമില്ല. സെഹോര്‍ ജില്ലയില്‍നിന്ന് പിടികൂടിയ പാമ്പിനെ നരസിംഹഗഢില്‍ എത്തിച്ചാണ് ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്. പിടിയിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 

ചിലയിനം മരുന്നുകളുടെയും സൗന്ദര്യ വര്‍ധകവസ്തുക്കളുടെയും നിര്‍മാണത്തിനും ആഭിചാരകര്‍മങ്ങള്‍ക്കും ഉപയോഗിക്കുന്ന ഈ പാമ്പിന് അന്താരാഷ്ട്രവിപണിയില്‍ നിരവധി ആവശ്യക്കാരാണുള്ളത്. പാമ്പിനെ കൈവശം വെക്കുന്നത് പണവും സൗഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 

നരസിംഹഗഢ് ബസ് സ്റ്റാന്‍ഡില്‍വെച്ച് പാമ്പിനെ കൈമാറാമെന്ന് മൂന്നുപേര്‍ ഫോണില്‍ സംസാരിക്കുന്നത് പോലീസിന്റെ ഇന്‍ഫോര്‍മാരില്‍ ഒരാള്‍ കേള്‍ക്കുകയും അയാള്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. 

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പാമ്പുമായെത്തിയ പവന്‍ നഗര്‍, ശ്യാം ഗുര്‍ജാര്‍ എന്നിവരെ പിടികൂടുകയും പ്ലാസ്റ്റിക് കൂടില്‍ സൂക്ഷിച്ചിരുന്ന പാമ്പിനെ ഇവരില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. പാമ്പിന് 1.25കോടി രൂപയോളം വിലവരുമെന്ന് പോലീസ് വ്യക്തമാക്കി.

content highlights: red sand boa snake worth 1.25 crore rescued in madhyapradesh