ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമണത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണിതെന്നും അക്രമികളെ ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ അനുവദിച്ചതിന് ആമിത് ഷാ രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണിത്. അമിത് ഷായെ ഉടന്‍ സ്ഥാനത്തുനിന്ന് പുറത്താക്കണം. ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യതലസ്ഥാനത്ത് ഉണ്ടാകുന്ന രണ്ടാമത്തെ അക്രമസംഭവമാണിതെന്നും കഴിഞ്ഞ ഫെബ്രുവരിയിലെ ഡല്‍ഹി കലാപത്തെ പരാമര്‍ശിച്ചുകൊണ്ട് സുര്‍ജേവാല ചൂണ്ടിക്കാട്ടി. രണ്ടിന്റെയും ഉത്തരവാദിത്തം ആഭ്യന്തര മന്ത്രിക്കാണെന്നും അദ്ദേഹം ആരോപിച്ചു.
അമിത് ഷായെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.
അക്രമികളെ കണ്ടെത്തുന്നതില്‍ ആഭ്യന്തര മന്ത്രി പൂര്‍ണമായും പരാജയപ്പെട്ടു. അക്രമികള്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെ കര്‍ഷക നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയേയും സുര്‍ജേവാല വിമര്‍ശിച്ചു. കര്‍ഷക യൂണിയനേയും അവരുടെ പ്രക്ഷോഭത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കുന്നതാണ് ബിജെപിയുമായി അടുപ്പമുള്ള നടനും ആക്ടിവിസ്റ്റുമായി ദീപ് സിദ്ധുവിന് സംഭവത്തിലുള്ള പങ്കെന്നും അദ്ദേഹം ആരോപിച്ചു.
content highlights: Red Fort violence: Congress blames Amit Shah for 'intelligence failure', demands resignation