ഭുവനേശ്വര്‍: കൊറോണ വൈറസിനെ തുരത്താന്‍ ചോണനുറുമ്പ് ചട്ണി ഉപയോഗപ്പെടുത്താനുള്ള കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം. കോവിഡ്-19 ചികിത്സയില്‍ ചുവന്നുറുമ്പ് ചട്ണി പ്രയോജനപ്പെടുത്താന്‍ സാധിക്കുമോയെന്ന് മൂന്നു മാസത്തിനുള്ളില്‍ അറിയിക്കണമെന്ന് ആയുഷ് മന്ത്രാലയം ഡയറക്ടര്‍ ജനറലിനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനും(സിഎസ്‌ഐആര്‍)ഒഡിഷ ഹൈക്കോടതി നിര്‍ദേശം നല്‍കി.
വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായി ചോണനുറുമ്പ് ചട്ണി ഉപയോഗിക്കുന്നത് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സാധാരണമാണ്. ജലദോഷം, ചുമ, ജലദോഷ പനി, ശ്വാസതടസം, ശാരീരിക ക്ഷീണം തുടങ്ങി രോഗങ്ങള്‍ക്കുള്ള മരുന്നായി ചട്ണി തയ്യാറാക്കുന്നത് പതിവാണ്. പച്ചമുളക്, ഉറുമ്പ്, ഉപ്പ് എന്നിവ ചേര്‍ത്താണ് ചട്ണി തയ്യാറാക്കുന്നത്. ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ ഗോത്രവര്‍ഗക്കാര്‍ ഈ ചട്ണി ഉപയോഗിച്ച് വരുന്നു.
2020 ജൂണില്‍ എന്‍ജിനീയറും ഗവേഷകനുമായ നയാധാര്‍ പാദിയാലാണ് കോവിഡ് ചികിത്സയില്‍ ചോണനുറുമ്പ് ചട്ണി ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാത്പര്യഹര്‍ജിയുമായി അദ്ദേഹം കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പാദിയാലിന്റെ അഭിപ്രായത്തെ മുഖവിലയ്‌ക്കെടുത്ത് ഉറുമ്പ് ചട്ണിയുടെ ഔഷധഗുണത്തെ കുറിച്ച് പഠനം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്.
പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫോര്‍മിക് ആസിഡ്, പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ബി12, സിങ്ക്, അയണ്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഉറുമ്പ് ചട്ണി എന്ന് പാദിയാല്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഈ ചട്ണി പ്രചാരത്തിലുണ്ടെന്നും സ്ഥിരമായി ഉപയോഗിക്കുന്നതിനാലാവണം ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം കുറയുന്നതെന്നും ഈ മേഖലയില്‍ പഠനം നടത്തേണ്ടതിന്റെ പ്രാധാന്യം ഇക്കാരണത്താലാണെന്നും പാദിയാല്‍ വിശദീകരിച്ചിട്ടുണ്ട്.
Content Highlights: Red ant chutney as Covid cure CSIR, Ayush Ministry to decide