കൊല്‍ക്കത്ത: എസ്‌കേപ്പ് മാജിക്കിനിടെ ഹൂഗ്ലി നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് മാന്ത്രികനായ കൊല്‍ക്കത്ത സ്വദേശി ചഞ്ചല്‍ ലാഹിരി(40)യുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്തത്. വിഖ്യാത അമേരിക്കന്‍ ജാലവിദ്യക്കാരന്‍ ഹാരി ഹൂഡിനിയെ അനുകരിച്ച് കൈകാലുകള്‍ ബന്ധിച്ച് അഭ്യാസത്തിനിറങ്ങിയ ചഞ്ചല്‍ ലാഹിരി ഹൗറപാലത്തിന്റെ 28-ാം നമ്പര്‍ തൂണിനടുത്തായാണ് നദിയില്‍ മുങ്ങിപ്പോയത്. 

'ജാദൂഗര്‍ മാന്‍ഡ്രേക്ക്' എന്നറിയപ്പെടുന്ന തെക്കന്‍ കൊല്‍ക്കത്ത സ്വദേശി ചഞ്ചല്‍ ലാഹിരി ഞായറാഴ്ച ഉച്ചയോടെയാണ് മിലേനിയം പാര്‍ക്കിനടുത്തുനിന്ന് കൈകാലുകള്‍ ചങ്ങലയും കയറും ഉപയോഗിച്ച് ബന്ധിച്ച് സഹായികള്‍ക്കൊപ്പം ബോട്ടിലെത്തിയത്. തുടര്‍ന്ന് ഹൗറ പാലത്തില്‍നിന്ന് ക്രെയിനുപയോഗിച്ച് ഉയര്‍ത്തി നദിയില്‍ താഴ്ത്തുകയായിരുന്നു. പത്തു മിനിറ്റു കഴിഞ്ഞിട്ടും കാണാതായതോടെ പ്രകടനം കണ്ടുനിന്നവര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ദുരന്ത ലഘൂകരണ വിഭാഗവും പോലീസും ചേര്‍ന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയായിരുന്നു. 

ഹാരി ഹൂഡിനി 100 വര്‍ഷം മുന്‍പു കാണിച്ചു പ്രശസ്തി നേടിയ 'ഗ്രേറ്റ് എസ്‌കേപ്പ്' വിദ്യയാണ് ചഞ്ചല്‍ അനുകരിക്കാന്‍ ശ്രമിച്ചത്. 2013 -ല്‍ ഇദ്ദേഹം സമാനമായ പ്രകടനം നടത്തുമ്പോള്‍ 'മാന്ത്രികക്കൂടി'ന്റെ രഹസ്യവാതിലിലൂടെ രക്ഷപ്പെട്ട് കരയിലേക്കു കയറുന്നതിനിടെ ആളുകള്‍ മര്‍ദിച്ചിരുന്നു.

21 വര്‍ഷം മുമ്പ് വിജയകരമായി സമാനമായ വിദ്യ ചെയ്തിട്ടുണ്ടെന്ന് പ്രകടനത്തിനുമുമ്പ് ലാഹിരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളില്‍ ചങ്ങല ബന്ധിച്ച് പൂട്ടി ഹൗറ പാലത്തില്‍നിന്ന് താഴേക്കിറക്കുകയായിരുന്നു അന്ന്. 29 സെക്കന്‍ഡിനകം പുറത്തുവന്നതായി ലാഹിരി അവകാശപ്പെടുകയും ചെയ്തു. ഇത്തവണ സ്വതന്ത്രനാകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. കെട്ടഴിച്ചു പുറത്തുവന്നാല്‍ അത് മാജിക്കാണ്. അല്ലെങ്കില്‍ അത് ദുരന്തമായിരിക്കുമെന്നായിരുന്നു ലാഹിരിയുടെ വാക്കുകള്‍.

ബോട്ടില്‍ അല്ലെങ്കില്‍ കപ്പലില്‍ ജാലവിദ്യ കാണിക്കാനെന്ന പേരില്‍ ചഞ്ചല്‍ കൊല്‍ക്കത്ത പോലീസില്‍നിന്നും തുറമുഖട്രസ്റ്റില്‍നിന്നും അനുമതി വാങ്ങിയിരുന്നു. എന്നാല്‍ വെള്ളത്തിനടിയിലാണെന്ന കാര്യം അറിയിച്ചിട്ടില്ല. സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

Content Highlights: recovered body of magician who drowned in hooghly river kolkata