അമരാവതി: ആന്ധ്രപ്രദേശില്‍ നടക്കുന്ന മെഗാവാക്‌സിനേഷന്‍ യജ്ഞത്തില്‍ ഒറ്റദിവസം വാക്‌സിന്‍ സ്വീകരിച്ചത് ഒമ്പതുലക്ഷത്തിലധികം പേര്‍. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണി വരെയുളള കണക്കുകള്‍ പ്രകാരമാണ് ഇത്. ഇതോടെ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. ഞായാറാഴ്ച രാവിലെ ആറ് മണിയോടെ സംസ്ഥാനത്തെ 13 ജില്ലകളിലായി 2000 ത്തോളം കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. 

1,06,91,200 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. 27,02,159 പേര്‍ക്ക് രണ്ടാംഡോസും ലഭിച്ചു. ഇതുവരെ 1,33,93,359 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. 
45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍, അഞ്ചുവയസ്സില്‍ താഴെ കുട്ടികളുളളവര്‍ എന്നിവരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു വാക്‌സിന്‍ യജ്ഞം. രണ്ടുമണിവരെ  9,02,308  പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പിന്റെ ഡേറ്റകള്‍ വ്യക്തമാക്കുന്നു. വെകീട്ട് ആറുമണിയോടെ വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കുമ്പോള്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 12 ലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.

ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളാണ് വാക്‌സിനേഷനില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ 1.11 ലക്ഷം പേരും 1.08 ലക്ഷം പേരും യഥാക്രമം വാക്‌സിന്‍ സ്വീകരിച്ചു. കൃഷ്ണ ജില്ലയില്‍ 93,213  വിശാഖപട്ടണത്തില്‍ 84,461 പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

Content Highlights: Record number of people vaccinated in Andhra Pradesh