ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ പുതിയ നേട്ടവുമായി രാജ്യം. ഇതാദ്യമായി രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ രണ്ട് കോടി ഡോസ് കടന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിവരെ 2.2 കോടി പിന്നിട്ടതായാണ് റിപ്പോർട്ട്. ഇന്നു രാത്രിയോടെ ഇത് രണ്ടര കോടിയിലെത്തിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. 

മോദിയുടെ 71-ാം പിറന്നാല്‍ ദിനമായ ഇന്ന് വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാനാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഒറ്റദിവസം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയ റെക്കോര്‍ഡ് നിലവില്‍ ചൈനയുടെ പേരിലാണ്. ജൂണ്‍ 24ന് ചൈനയില്‍ 2.47 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിരുന്നു. രാത്രിയോടെ ഈ റെക്കോര്‍ഡ് മറികടക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. 

'പ്രധാനമന്ത്രി മോദിയുടെ ജന്‍മദിനമായ ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെ രാജ്യത്തെ വാക്‌സിനേഷന്‍ ഒരു കോടി ഡോസ് പിന്നിട്ടു. അതിവേഗത്തിലുള്ള നേട്ടമാണിത്. നമ്മള്‍ ഇനിയും മുന്നേറുകയാണ്. വാക്‌സിനേഷനില്‍ രാജ്യം ഇന്ന് പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് വിശ്വാസം. ഈ നേട്ടം പ്രധാനമന്ത്രിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാം', കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. 

വൈകീട്ടോടെ വാക്‌സിനേഷന്‍ രണ്ട് കോടി പിന്നിട്ടതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി നേട്ടം ആഘോഷിക്കുന്ന വീഡിയോയും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ആരോഗ്യമന്ത്രിക്ക് പുറമേ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളോട് എത്രയും വേഗം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. VaccineSeva, HappyBdayModiji എന്നീ ഹാഷ്ടാഗുകളോടെയാണ് ബിജെപി നേതാക്കളുടെ ട്വീറ്റ്.

content highlights: Record 2 Crore Jabs So Far, Government Aims At Birthday Gift For PM Modi