കൊല്‍ക്കത്ത: ബംഗാളില്‍ മന്ത്രിസ്ഥാനം രാജിവെച്ച സുവേന്ദു അധികാരി ഈ ആഴ്ച ബിജെപിയില്‍ ചേര്‍ന്നേക്കും. ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സുവേന്ദു അധികാരി ബിജെപിയില്‍ ഔദ്യോഗികമായി ചേരാനൊരുങ്ങുന്നത്. 

ഈ ആഴ്ച അമിത് ഷാ ബംഗാളില്‍ സന്ദര്‍ശനത്തിനെത്തുന്ന അവസരത്തിലാവും സുവേന്ദു അധികാരിയുടെ ഔദ്യോഗിക ബിജെപി പ്രവേശം. പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് സുവേന്ദു ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് നവംബര്‍ 27നാണ് സുവേന്ദു അധികാരി സംസ്ഥാന ഗതാഗത-ജലവിഭവവകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചത്.  ഇതിനിടെ സുവേന്ദു സ്വന്തം നിലക്ക് റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളില്‍ ഉപയോഗിച്ചിരുന്നില്ല.  

2007-08ല്‍ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദു. എന്നാല്‍ നേതൃനിരയില്‍ നിരന്തരം സുവേന്ദുവിനെ അവഗണിക്കുന്നുവെന്നാണ് പരാതി. 2011-ല്‍ സുവേന്ദയെ മാറ്റിയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവനായ അഭിഷേക് ബാനര്‍ജിയെ യുവജന വിഭാഗത്തിന്റെ അധ്യക്ഷനാക്കിയത്.

ഇതിനിടെ പാര്‍ട്ടി ചുമതലപ്പെടുത്തിയ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയി എംപിയും സുദീപ് ബാനര്‍ജിയും ചേര്‍ന്ന് സുവേന്ദു അധികാരിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായമായില്ല. വിഷയത്തില്‍ കൂടുതൽ ചര്‍ച്ചകള്‍ ഇനി വേണ്ടതില്ലെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട്.  അതേസമയം ചര്‍ച്ചയ്ക്ക് സ്വയം തയ്യാറായാല്‍ സുവേന്ദുവിനെ കേള്‍ക്കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.