ഗോവയിലെ ഹോട്ടലിൽ നൃത്തം ചെയ്യുന്ന വിമത ശിവേസന എംഎൽഎമാർ
പനജി: ഏക്നാഥ് ഷിന്ദേയെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചത് ആഘോഷമാക്കി ശിവസേന വിമതര്‍. ഗോവയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍ ആനന്ദ നൃത്തം ചവിട്ടി. ഹോട്ടലിലെ മേശകളിലും കസേരകളിലും കയറി നിന്നുകൊണ്ടായിരുന്നു എംഎല്‍എമാരുടെ നൃത്തം.
അപ്രതീക്ഷിതമായിട്ടാണ് ഷിന്ദേയെ ബിജെപി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 'ഒരു സാധാരണ ശിവസൈനികന് മുഖ്യമന്ത്രി കസേരയിലിരിക്കണമെന്ന ബാലാസാഹേബ് താക്കറെയുടെ സ്വപ്നം ബിജെപിയുടേയും ദേവേന്ദ്ര ഫഡ്നാവിസിന്റേയും സഹായത്തോടെ സാക്ഷാത്കരിച്ചു' വിമതരുടെ വക്താവായിട്ടുള്ള ദീപക് കേസര്‍ക്കര്‍ പ്രതികരിച്ചു.
ബിജെപിക്ക് 120 എംഎല്‍എമാരുണ്ടെങ്കിലും ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തില്ല. പ്രധാനമന്ത്രി മോദി, അമിത് ഷാ, മറ്റ് ബിജെപി നേതാക്കള്‍ എന്നിവര്‍ മഹാമനസ്കത കാണിക്കുകയും ബാലാസാഹെബിന്റെ സൈനികനെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കുകയും ചെയ്തതിന് താന്‍ അവരോട് നന്ദി പറയുന്നുവെന്നും ഷിന്ദേ പറഞ്ഞു.
തങ്ങള്‍ക്കൊപ്പമുള്ള 50 എംഎല്‍എമാരില്‍ 40 പേര് ശിവസേനയില്‍ നിന്നുള്ളവരാണ്. ഈ 50 പേരുടെ സഹായത്തോടെയാണ് താന്‍ പോരാട്ടം നടത്തിയത്. ഇവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഷിന്ദേ വ്യക്തമാക്കി.
'ഞങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങളും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ സമീപിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തെ ബോധിപ്പിച്ചിരുന്നു. ഇതെല്ലാം ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപിയുമായി സ്വാഭാവിക സഖ്യം ഞങ്ങള്‍ ആവശ്യപ്പെട്ടത്' ഷിന്ദേ പറഞ്ഞു.
ഗോവയിലുള്ള എംഎല്‍എമാര്‍ ഇന്ന് രാത്രിയിലോ നാളെയോ മുംബൈയിലേക്ക് തിരിക്കുമെന്നാണ് വിവരം. ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ഗുവാഹട്ടിയിലെ ക്യാമ്പ് ചെയ്തിരുന്ന വിമതര്‍ ഇന്നലെയാണ് ഗോവയിലേക്കെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..