ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങും മുന്‍ ബിഎസ്പി എംഎല്‍എ വന്ദന സിങ്ങും ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ലഖ്‌നൗവില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ബിജെപി നേതൃത്വം ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. 

യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്ങിന്റെ സാന്നിധ്യത്തിലാണ് ഇരുവര്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്. 

കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി സിങ്. 2017ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദിതി സിങ് റായ്ബറേലിയില്‍ നിന്ന് വിജയിച്ച് യുപി നിയമസഭയിലേക്കെത്തിയത്. ഇതിനുശേഷം കോണ്‍ഗ്രസ് നേതാക്കളെ നിരന്തരം വിമര്‍ശിക്കുകയും ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തുകയും ചെയ്തതോടെ അദിതി കോണ്‍ഗ്രസ് പാളയത്തില്‍ നിന്നകന്നു. 

അസംഖണ്ഡ് ജില്ലയിലെ സിഗ്രിയില്‍ നിന്നുള്ള മുന്‍ ബിഎസ്പി എംഎല്‍എ ആയിരുന്നു വന്ദന സിങ്. ഈ വര്‍ഷം ജൂണില്‍ വന്ദനയെ ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

content highlights: Rebel Congress MLA Aditi Singh, BSP's Vandana Singh join BJP