ഐഎൻഎസ് വിരാട് | Photo:AP
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിരാട് ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ച് മഹാരാഷ്ട്ര സർക്കാർ. പ്രതിരോധമന്ത്രാലയത്തിന് അയച്ച കത്തിലാണ് ചരിത്രപ്രധാന്യമുളള വിരാടിനെ സംരക്ഷിക്കുന്ന നടപടികളുമായി സഹകരിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാരിന് സന്തോഷമേയുളളൂവെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി വ്യക്തമാക്കിയത്.
ചരിത്രപ്രധാന്യമുളള ഐഎൻഎസ് വിരാടിനെ പൊളിക്കാനുളള നടപടികൾ ഗുജറാത്തിലെ അലാങ്ങിൽ ആരംഭിച്ചെന്ന വാർത്ത വളരെയധികം സങ്കടത്തോടെയും ആശങ്കയോടെയുമാണ് താൻ വായിച്ചതെന്നും അവർ പറഞ്ഞു. യുദ്ധക്കപ്പൽ സംരക്ഷിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ എൻഒസി ആവശ്യപ്പെട്ടുകൊണ്ടാണ് മഹാരാഷ്ട്ര കത്തയച്ചിരിക്കുന്നത്.
ഡികമ്മിഷൻ ചെയ്ത നാവികക്കപ്പലുകൾ രാജ്യത്തെ പൗരന്മാർക്ക് ഇന്ത്യയുടെ സമുദ്ര ചരിത്രത്തിന്റെ പ്രധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനായി ഉപയോഗിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടുളള കത്തിൽ ചതുർവേദി ആവശ്യപ്പെട്ടു. 'യുദ്ധക്കപ്പലിനെ ഒരു മ്യൂസിയമാക്കി മാറ്റാനുളള വാഗ്ദാനം ഉണ്ടായിട്ടും പ്രതിരോധമന്ത്രാലയത്തിന്റെ എൻഒസി ലഭിക്കുന്നത് വരെ കാത്തിരിക്കുന്നത് എന്നെ ദുഃഖിപ്പിക്കുന്നു.' പ്രിയങ്ക ചതുർവേദി കത്തിൽ പറയുന്നു
യുദ്ധക്കപ്പൽ ഏറ്റെടുത്ത് അതിന്റെ രൂപമാറ്റം വരുത്തി മ്യൂസിയമാക്കി മാറ്റാൻ ആഗ്രഹിക്കുന്ന എൻവിടെക് എന്ന സ്വകാര്യകമ്പനി അനുവാദം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതിരോധമന്ത്രാലയത്തിൽ നിന്ന് എൻഒസി കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. വിരാടിനെ ഇതിനകം ശ്രീരാം ഷിപ്പ് ബ്രേക്കേഴ്സിന് 35.8 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്.
എന്നാൽ കേന്ദ്രത്തിന്റെ എൻഒസി ലഭിക്കാതെ കപ്പൽ കൈമാറാനാകില്ലെന്നാണ് ശ്രീരാം ഷിപ്പ്ബ്രേക്കേഴ്സിന്റെ ചെയർമാൻ മുകേഷ് പട്ടേൽ പറയുന്നത്. 'സർക്കാരിന്റെ എൻഒസിയും ഒററത്തവണയായി കപ്പലിന്റെ മുഴുവൻ തുകയും നൽകുകയാണെങ്കിൽ എൻവിടെക്കിന് യുദ്ധക്കപ്പൽ കൈമാറാം എന്നാണ് മുകേഷ് പറയുന്നത്.
Content highlights:ready to preserve the historical ship maharashtra writes to centre
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..