ന്യൂഡല്‍ഹി: കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചര്‍ച്ചയ്ക്കായി ഡിസംബര്‍ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഈ തണുപ്പത്ത് ദേശീയപാതയില്‍ പല സ്ഥലങ്ങളിലും ട്രാക്ടറുകളിലും മറ്റുമാണ് കര്‍ഷകര്‍ കഴിയുന്നത്. കര്‍ഷകരെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ഡല്‍ഹി പോലീസ് തയ്യാറാണ്. ദയവായി അവിടേക്ക് പോകൂ. അവിടെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിങ്ങള്‍ക്ക് പോലീസ് അനുമതി നല്‍കും, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടത്താന്‍ കര്‍ഷക യൂണിയനുകള്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്നും തൊട്ടടുത്ത ദിവസം ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് ഇവര്‍. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

content highlights: ready to hold discussions amit shah to farmers