ബെര്ക്ലി: 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താന്‍ പൂര്‍ണമായും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസിന് പ്രത്യേക സംഘടനാ സംവിധാനങ്ങളുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കുടുംബാധിപത്യം നിലനില്‍ക്കുന്നുണ്ട്. അഖിലേഷ് യാദവ്, എം കെ സ്റ്റാലിന്, അഭിഷേക് ബച്ചന് തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ രംഗത്തെത്തിയവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാള്‍ കാര്യക്ഷമതയുള്ള, കഴിവുള്ള ആളാണോ എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ചിന്തകരുമായും രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായിട്ടാണ് രാഹുല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് അമേരിക്കയിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..