ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെ വീണ്ടും വിമര്‍ശിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും സര്‍ക്കാരും കര്‍ഷകരുടെ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

'കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ഞങ്ങള്‍ തയ്യാറാണ്, എന്നാല്‍ ആരും നിയമങ്ങളില്‍ ന്യൂനതയുണ്ടെന്ന് പറയില്ല. കര്‍ഷകരുമായുളള ചര്‍ച്ചയ്ക്കിടയില്‍ നിയമങ്ങള്‍ ഭേദഗതി വരുത്തുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു.  എന്നാല്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നതിന്റെ അര്‍ഥം നിയമങ്ങളില്‍ ന്യൂനതയുണ്ട് എന്നല്ല. ഇത്തരം നിര്‍ദേശങ്ങളുമായി മുന്നോട്ടുപോയത് സമരത്തിന്റെ മുഖം കര്‍ഷകരായതിനാലാണ്. 

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റിലും കേന്ദ്രത്തിന്റെ കാഴ്ചപ്പാട് ഞാന്‍ പ്രസ്താവിച്ചിരുന്നു. മണിക്കൂറുകളോളം ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളുടെ ഭിന്നതകളെ ഞങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇപ്പോഴും കാര്‍ഷകസമരത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കാര്‍ഷിക നിയമങ്ങളെ കുറിച്ചല്ല.'- തോമര്‍ പറഞ്ഞു. 

കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുമ്പോഴും പ്രതിപക്ഷം അവര്‍ എതിര്‍ക്കുന്ന ഉപാധിതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തില്‍ സ്വന്തം രാഷ്ട്രീയവുമായി മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കര്‍ഷകരുടെ താല്പര്യത്തെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും മുന്‍നിര്‍ത്തി വേണമത് ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു. 

എല്ലായ്‌പ്പോഴും ഒരു മാറ്റം കൊണ്ടുവന്നാല്‍ അത് നടപ്പാക്കാന്‍ പ്രയാസം നേരിടും. ചിലര്‍ പരിഹസിക്കും, മറ്റുചിലര്‍ പ്രതിഷേധിക്കും. എന്നാല്‍ അതിന് പിന്നിലെ നയവും ഉദ്ദേശ്യവും ശരിയാണെങ്കില്‍ പതിയെ ജനങ്ങള്‍ അത് അംഗീകരിക്കും. തോമര്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: Ready to amend farm laws but that don't mean the laws are flawed says Narendra Sngh Tomar