ഇസ്ലാമാബാദ്: തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്നും പക്ഷെ ജനങ്ങളുടെയും അയല്‍ രാജ്യങ്ങളുടേയും താല്‍പര്യം കണക്കിലെടുത്ത് സമാധാനം തിരഞ്ഞെടുക്കുകയാണെന്നും പാകിസ്താന്‍ സൈന്യം. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനക്ക് മറുപടിയായാണ് പാക് സൈന്യം ഈ പ്രസ്താവന നടത്തിയത്. 

'ഭീകരവാദത്തിനെതിരെ ദീര്‍ഘകാലമായി പോരാടുന്ന ചരിത്രമാണ് പാക് സൈന്യത്തിനുള്ളത്. സമാധാനത്തിന് നല്‍കേണ്ടി വന്ന വില എന്താണെന്നും ഞങ്ങള്‍ക്ക് അറിയാം. സമാധാനത്തിനായുള്ള ഞങ്ങളുടെ താല്‍പര്യത്തെ ഞങ്ങളുടെ കഴിവുകേടായി കാണരുത്. യുദ്ധത്തിന് തയ്യാറാല്ലാത്തപ്പോഴാണ് നിങ്ങള്‍ അതിന് നിര്‍ബന്ധിക്കപ്പെടുന്നത്. പക്ഷെ ഞങ്ങള്‍ ഒരു ആണവ രാജ്യമാണ്. ഞങ്ങള്‍ തയ്യാറാണ്.' -പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

ബി.എസ്.എഫ് ജവാന്‍ ക്രൂരമായി കൊലചെയ്യപ്പെട്ട വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ ഒരു ഉത്തരവാദിത്യമുള്ള സൈന്യമാണെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ചെയ്യാറില്ലെന്നും കഴിഞ്ഞ രണ്ട് ദശകമായി സമാധാനം നിലനിര്‍ത്തുന്നതിനായി തങ്ങള്‍ അധ്വാനിക്കുകയാണെന്നും പാക് സൈന്യം വ്യക്തമാക്കി. ഒരു സൈനികനെ അപമാനിക്കുന്ന പ്രവര്‍ത്തി തങ്ങള്‍ ചെയ്യില്ല. ഇതെല്ലാം ഇന്ത്യന്‍ സൈന്യത്തിന്റെ ആരോപണം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നടക്കുന്ന അഴിമതികളില്‍ നിന്ന് ശ്രദ്ധ മറയ്ക്കാനാണ് ഇന്ത്യന്‍ സൈന്യ തലവന്‍ ഇത്തരത്തില്‍ നിരുത്തരവാദിത്വപരമായ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ഫവാദ് ചൗധരി വ്യക്തമാക്കി. താന്‍ ഒരു ബി.ജെ.പി നേതാവല്ലെന്ന് ഇന്ത്യന്‍ സൈനിക തലവന്‍ തിരിച്ചറിയണം. ആരാണ് സമാധാനത്തിനായി നിലകൊള്ളുന്നതെന്നും ആരാണ് യുദ്ധത്തിനായി നിലകൊള്ളുന്നതെന്നും ലോകം വീക്ഷിക്കുന്നുണ്ടെന്നും ചൗധരി വ്യക്തമാക്കി.

ഇന്ത്യന്‍ ജവാന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ പാകിസ്താനുമായുള്ള മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വാക് യുദ്ധം ആരംഭിച്ചത്.

content highlights: ready for war but choose peace in interest of people: Pakistan Army