ചെന്നൈ: തമിഴ്നാട്ടിലെ 20 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ 'മക്കള്‍ നീതി മയ്യം' തയ്യാറെന്ന് കമല്‍ ഹാസന്‍. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നുമായിരുന്നു കമല്‍ ഹാസന്റെ നേരത്തെയുള്ള നിലപാട്. 

'ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ എപ്പോള്‍ നടത്തിയാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്'. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവെ അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളില്‍നിന്ന് അഭിപ്രായം തേടാനാണ് ഉദ്ദേശിക്കുന്നതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. 

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് കമല്‍ ഹാസന്‍ രൂപം നല്‍കിയത്. പളനിസ്വാമി നേതൃത്വം നല്‍കുന്ന നിലവിലെ തമിഴ്നാട് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിച്ചേക്കാമെന്ന് കരുതുന്ന ഉപതിരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ദിനകരന്‍ പക്ഷത്തുള്ള 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചതോടെയാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. എം കരുണാനിധിയും എഐഎഡിഎംകെയിലെ എ.കെ ബോസും പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.