ചണ്ഡിഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങിന്റെ പുതിയ പര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ഘടകം.ബി.ജെ.പി പഞ്ചാബ് ചുമതലക്കാരനായ ദുഷ്യന്ത് ഗൗതമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
"രാജ്യത്തെ കുറിച്ചും ദേശസുരക്ഷയെ കുറിച്ചും കരുതലുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ ബി.ജെ.പി എന്നും തയ്യാറായാണ്. സഖ്യത്തിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണ്. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും"- ഗൗതം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസമാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്. കര്‍ഷക സമരത്തില്‍ പരിഹാരം ഉണ്ടാക്കിയാല്‍ ബി.ജെ.പിയുമായും അകാലി ഗ്രൂപ്പുകളുമായും സഖ്യത്തിലേര്‍പ്പെടുമെന്നും ക്യാപ്റ്റനുമായി ബന്ധമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസുമായി തെറ്റിയതിന് പിന്നാലെ ബി.ജെ.പി നേതാവ് അമിത് ഷായുമായി അമരീന്ദര്‍ സിങ് ചര്‍ച്ച നടത്തിയത് ക്യാപ്റ്റന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയിലേക്ക് ഇല്ലെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുടെ ചര്‍ച്ചകള്‍ സജീവമായത്.
സംസ്ഥാനത്തെ ജനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബി.ജെ.പിക്ക് അമരീന്ദര്‍ സിങുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതെന്നും ദുഷ്യന്ത് ഗൗതം പറഞ്ഞു. എന്നാല്‍ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാടുകളെ എന്നും ബി.ജെ.പി പ്രശംസിച്ചിരുന്നു. അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം ഒരു ദേശസ്‌നേഹിയാണ്. കര്‍ഷക സമരം രമ്യമായി പരിഹരിക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്നും ദുഷ്യന്ത് ഗൗതം പറഞ്ഞു.
Content Highlights: Ready For Alliance: BJP On Amarinder Singh's 'Friend Request
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..