ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ വാഹനം ഇടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നും അഭിപ്രായപ്പെട്ട് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും ടിക്കായത്ത് പറഞ്ഞു. 

'ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ക്ക് മുകളിലൂടെ കാര്‍ കയറ്റിയതിനേ തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടി മാത്രമാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ ഞാന്‍ കുറ്റക്കാരായി കണക്കാക്കുന്നില്ല.'- മറ്റ് കര്‍ഷക സംഘടനാ നേതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാകേഷ് ടിക്കായത്ത് പറഞ്ഞു. 

ലഖിംപുര്‍ സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ടിക്കായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കഠിനഹൃദയര്‍ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ടിക്കായത്തിന്റെ പരാമര്‍ശം. മനുഷ്യരെ ചതച്ചു കൊല്ലുന്നവര്‍ മനുഷ്യരാകാന്‍ വഴിയില്ല അവര്‍ കഠിനഹൃദയരാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. 

ഇതിനിടെ ലഖിംപുരില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസില്‍ ആരോപണവിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉത്തര്‍ പ്രദേശ് പോലീസിനു മുന്നില്‍ ഹാജരായി. ക്രൈം ബ്രാഞ്ച് ഓഫീസിന്റെ പിന്‍വാതിലിലൂടെ പോലീസ് അകമ്പടിയോടെയാണ് ആശിഷ് എത്തിയത്. ലഖിംപുരിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട്  കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കുനേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റു നാലുപേരും മരിച്ചു. അതേസമയം, സംഭവസ്ഥലത്ത് താനോ ആശിഷോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്രയുടെ വാദം.

Content Highlights: Reaction To Action, Farm Leader Rakesh Tikait's Shocker On BJP Workers' Deaths In UP