ന്യൂഡല്‍ഹി: എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളില്‍ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. 

പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന് ആര്‍.ബി.ഐ. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

യഥാസമയം പണം നിറയ്ക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നുമുളള വിലയിരുത്തലിലാണ് നടപടി.

അതിനാല്‍ ബാങ്കുകള്‍, എടിഎം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എടിഎമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആര്‍.ബി.ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കുന്നുണ്ട്. 

ഒക്ടോബര്‍ ഒന്നുമുതല്‍ പിഴ ഈടാക്കുന്നത് നിലവില്‍ വരും. മാസത്തില്‍ പത്തുമണിക്കൂറില്‍ കൂടുതല്‍ സമയം എടിഎം കാലിയായാല്‍ പതിനായിരം രൂപ പിഴയീടാക്കും. വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ കാര്യത്തില്‍ ആ ഡബ്ല്യു.എല്‍.എയ്ക്ക് പണം നല്‍കുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക.

ബാങ്കിന് അതിന്റെ വിവേചനാധികാരത്തില്‍ ഡബ്ല്യു.എല്‍.എ ഓപ്പറേറ്ററില്‍ നിന്ന് പിഴപ്പണം ഈടാക്കാം. 

രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എടിഎമ്മുകളാണ് ഉളളത്. 

Content highlights: RBI to Penalise Banks for Non-availability of Cash in ATM