പ്രതീകാത്മക ചിത്രം | Reuters
മുംബൈ: നടപ്പുസാമ്പത്തികവര്‍ഷത്തെ അവസാന പണനയ അവലോകനത്തിലും പലിശഭാരം കൂട്ടി റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി 6.5 ശതമാനത്തിലെത്തിച്ചു. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ വര്‍ധനയ്ക്കുകൂടി കളമൊരുങ്ങി.
ആറംഗ പണ നയ സമിതിയില്‍ നാലംഗങ്ങളുടെ പിന്തുണയിലാണ് നിരക്കുവര്‍ധന. 2018 ഓഗസ്റ്റിനുശേഷം ആദ്യമായാണ് റിപ്പോനിരക്ക് 6.50 ശതമാനത്തിലെത്തുന്നത്.
ഇതോടൊപ്പം ബാങ്കുകളില്‍ അധികംവരുന്ന പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള സംവിധാനമായ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റിയുടെ (എസ്.ഡി.എഫ്.) നിരക്ക് ആറുശതമാനത്തില്‍നിന്ന് 6.25 ശതമാനമായി കൂട്ടി. പണലഭ്യത കുറയുന്നസമയത്ത് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്ന് അടിയന്തരമായി ലഭിക്കുന്നതിനുള്ള സംവിധാനമായ മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്.) നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും വര്‍ധിപ്പിച്ചു.
പണപ്പെരുപ്പം നാലുശതമാനത്തിനു മുകളില്‍ തുടരും
അടുത്ത സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച 6.4 ശതമാനംവരെയാകുമെന്നാണ് ആര്‍.ബി.ഐ. അനുമാനം. നടപ്പു സാമ്പത്തികവര്‍ഷം ഇത് ഏഴുശതമാനമായിരിക്കുമെന്നും വിലയിരുത്തുന്നു. ആഗോളതലത്തില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവരുന്നു. എന്നാല്‍ പണപ്പെരുപ്പം വെല്ലുവിളിയായിത്തുടരുകയാണ്.
2023-24 സാമ്പത്തികവര്‍ഷം രാജ്യത്തെ പണപ്പെരുപ്പം നാലുശതമാനത്തിനുമുകളില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. ശരാശരി പണപ്പെരുപ്പം 5.3 ശതമാനമാണ് കണക്കാക്കുന്നത്. ആദ്യപാദത്തിലിത് അഞ്ചുശതമാനമാകും. രണ്ടും മൂന്നും പാദങ്ങളില്‍ 5.4 ശതമാനം വീതവും നാലാംപാദത്തില്‍ 5.6 ശതമാനവുമാകുമെന്നാണ് കണക്ക്.
പലിശമാറ്റം എങ്ങനെ?
സിബില്‍ സ്‌കോര്‍ 800-ന് മുകളിലുള്ളവര്‍ക്ക് ഭവനവായ്പയ്ക്കുള്ള നിലവിലെ നിരക്ക് 8.90 ശതമാനം മുതലാണ്. സിബില്‍ സ്‌കോര്‍ 800-ല്‍ താഴെയാണെങ്കില്‍ ഒമ്പതുശതമാനവും അതിനുമുകളിലേക്കുമായിരിക്കും നിരക്ക്. പലിശയില്‍ കാല്‍ശതമാനം വര്‍ധനകൂടി വരുന്നതോടെ ഭവനവായ്പയുടെ കുറഞ്ഞ പലിശ 9.15 ശതമാനത്തിലേക്കെത്തും. ചില ബാങ്കുകള്‍ മാര്‍ച്ച് വരെ പ്രത്യേക ഓഫറില്‍ 8.60 ശതമാനംമുതല്‍ നിരക്കില്‍ വായ്പകള്‍ നല്‍കുന്നുണ്ട്.
പലിശനിരക്ക് വര്‍ധന തുടങ്ങുന്നതിനുമുമ്പ് ഏഴു ശതമാനത്തിലിരുന്ന പലിശ 9.50 ശതമാനത്തിലേക്കാണ് ഉയരുക. ഇതനുസരിച്ച് 20 വര്‍ഷം കാലാവധിയുള്ള 25 ലക്ഷത്തിന്റെ വായ്പയുടെ പലിശയില്‍ ഏകദേശം 9.41 ലക്ഷംരൂപയുടെ വര്‍ധനയാണ് ഉണ്ടാവുക. കാലാവധി കൂട്ടിയിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് പലിശ വീണ്ടും കൂടും.
ഇനിയും ഉയരുമോ പലിശ?
മുംബൈ: ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയതോടെ പലിശനിരക്ക് വര്‍ധന ഇവിടെ അവസാനിപ്പിക്കുമോ എന്നതില്‍ റിസര്‍വ് ബാങ്ക് വ്യക്തത വരുത്താന്‍ തയ്യാറായിട്ടില്ല. പണപ്പെരുപ്പം ഉയര്‍ന്നാല്‍ ഇനിയും നിരക്കുയര്‍ത്തുമെന്നാണ് സൂചന.

സാഹചര്യങ്ങള്‍ വിലയിരുത്തിയാകും നടപടിയെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു. ഡിസംബറിലെ പണനയത്തില്‍ ഒരംഗം മാത്രമാണ് പലിശവര്‍ധനയെ എതിര്‍ത്തിരുന്നത്. ഇത്തവണ രണ്ടുപേര്‍ എതിരായി.
നിലവിലെ സാഹചര്യത്തില്‍ വര്‍ധന താത്കാലികമായെങ്കിലും നിര്‍ത്തിവെക്കാനുള്ള സാധ്യതയാണ് ഇതുകാണിക്കുന്നത്. അതേസമയം, പണപ്പെരുപ്പം വീണ്ടും കൂടിയാല്‍ നിരക്കുകള്‍ ഇനിയും ഉയരും.
Content Highlights: RBI repo rate hike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..