ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്കെത്തിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കുകളുടെ കിട്ടാകടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്വം റിസര്‍വ് ബാങ്കിനാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. 

2008-14 കാലഘട്ടത്തില്‍ സാമ്പത്തിക നില സജീവമാക്കി നിര്‍ത്തുന്നതിന് ബാങ്കുകള്‍ വകതിരിവില്ലാതെ വായ്പ നല്‍കുമ്പോള്‍ റിസര്‍വ് ബാങ്ക് നിയന്ത്രിച്ചില്ലെന്നാണ് ജെയ്റ്റ്‌ലിയുടെ ആക്ഷേപം. ജെയ്റ്റ്‌ലിയുടെ പ്രസ്താവന ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തെ കൂടുതല്‍ രൂക്ഷമാക്കും.

റിസര്‍വ്ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ പറഞ്ഞിരുന്നു. 

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം 2008-14 ബാങ്കുകള്‍ വാതിലുകള്‍ തുറന്നിട്ട് വകതിരിവില്ലാതെ വായ്പകള്‍ നല്‍കി. ഈ സമയത്ത് റിസര്‍വ് ബാങ്കും സര്‍ക്കാരും വെവ്വേറെ വഴികളിലായിരുന്നു. റിസര്‍വ് ബാങ്ക് എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഇതെന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.