ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കെട്ടഴിയുന്ന അവസ്ഥയെ വിശദീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഉപയോഗിച്ച തരൂര്‍ സ്റ്റൈലിലുള്ള കടുകട്ടിയായ വാക്ക് ചര്‍ച്ചയാവുന്നു. തിങ്കളാഴ്ച തന്റെ പ്രസംഗത്തില്‍ ശക്തികാന്ത ദാസ് ഉപയോഗിച്ച പാന്‍ഗ്ലോസിയന്‍ - Panglossian - എന്ന വാക്കാണ് ചര്‍ച്ചയാവുന്നത്. സാമ്പത്തിക സ്ഥിതി ക്ലേശമാകുന്നതു അറിയിക്കാന്‍ പാന്‍ഗ്ലോസിയന്‍ എന്നാണ്  ശക്തികാന്ത ദാസ് പ്രസംഗത്തിനിടെ പറഞ്ഞത്. അങ്ങേയറ്റം അമിതമായ ശുഭാപ്തി വിശ്വാസം എന്ന ഏകദേശ അര്‍ഥത്തിലുള്ളതാണ് പദം.

'അങ്ങേയറ്റം അമിത ശുഭാപ്തി വിശ്വാസം(പാന്‍ഗ്ലോസിയന്‍) വെച്ചു പുലര്‍ത്തി എല്ലാ പ്രതിസന്ധികളെയും ഞങ്ങള്‍ ചിരിച്ചു തള്ളുകയാണെന്ന് ഞാന്‍ പറയുന്നില്ല' എന്നാണ് ദാസ് പ്രസംഗത്തിനിടെ പറഞ്ഞത്. ഫ്രഞ്ച് തത്വചിന്തകനായ വോള്‍ട്ടയറിന്റെ നോവലില്‍നിന്നുളള ഡോ. പാന്‍ഗ്ലോസ് എന്ന കഥാപാത്രത്തില്‍ നിന്നാണ് ഈ പദത്തിന്റെ വരവ്. ജീവിതത്തില്‍ വളരെയധികം കഷ്ടപ്പാടുകള്‍ നേരിട്ടിട്ടും അമിതമായ ശുഭാപ്തി വിശ്വാസിയായി തുടരുന്ന  കഥാപാത്രമാണ് ഡോക്ടര്‍ പാന്‍ഗ്ലോസ്. 

മോണിട്ടറി പോളിസി കമ്മറ്റിയി അംഗമായ ചേതന്‍ ഘട്ടെയും തരൂര്‍ മുമ്പൊരവസരത്തില്‍ ഉപയോഗിച്ച നീളമേറിയ വാക്ക് ഉപയോഗിച്ചിരുന്നു. 'estimates of economic growth in India have unfortunately been subject to a fair degree of floccinaucinihilipilification. Notwithstanding this, growth is likely to pick up' എന്നാണ്  ചേതന്‍ ഘട്ടെ പറഞ്ഞത്.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ മൂല്യം നിര്‍ഭാഗ്യവശാല്‍ ഒന്നിനും കൊള്ളാത്തതായി ചിത്രീകരിക്കപ്പെട്ടു എന്നാണ് മുകളിലെ വാക്യത്തിന്റെ ഏകദേശ അര്‍ഥം.

ഫ്‌ളോക്‌സി, നോസി, നിഹിലി, പിലി എന്നീ നാലു ലാറ്റിന്‍ വാക്കുകള്‍ക്കൊപ്പം ഇംഗ്ലീഷിലെ 'ഫിക്കേഷനും' ചേര്‍ന്നാണ് ഈ വാക്കുണ്ടായത്. ഒന്നിനും മൂല്യം കല്പിക്കാത്ത പ്രവൃത്തി അല്ലെങ്കില്‍ ശീലം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. പതിനെട്ടാം നൂറ്റാണ്ടിലാണ് വാക്കിന്റെ ഉദ്ഭവം. ബ്രിട്ടനിലെ ഈറ്റന്‍ കോളേജിലെ വിദ്യാര്‍ഥികളോ അധ്യാപകരോ ഒരു തമാശയ്ക്കുണ്ടാക്കിയ വാക്കാണിതെന്നാണ് കരുതുന്നത്.
 
1741-ല്‍ ഇംഗ്ലീഷ് കവി വില്യം ഷെന്‍സ്റ്റോണ്‍ ഒരു കത്തിലാണ് ഈ വാക്ക് ആദ്യം പ്രയോഗിച്ചത്. ഇംഗ്ലീഷില്‍ ഏറ്റവുമധികം അക്ഷരങ്ങളുള്ള വാക്കിന് ഉദാഹരണമായാണ് ഈ വാക്കിനെ ചൂണ്ടിക്കാട്ടാറ്.

പൊതുവെ നെടുനീളന്‍ വ്യത്യസ്ത വാക്കുകള്‍ തന്റെ ട്വീറ്റിലും പ്രസംഗത്തിലും ഉപയോഗിച്ച് പലപ്പോഴും തരൂര്‍ വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ തരൂര്‍ സ്റ്റൈലിലുള്ള പദപ്രയോഗമാണ് ആര്‍.ബി.ഐ .ഗവര്‍ണ്ണര്‍  ശക്തികാന്ത ദാസയും ഉപയോഗിച്ചത്.

content highlights: RBI Governor uses Tharoor style words Floccinaucinihilipilification and Panglossian