ന്യൂഡല്‍ഹി: ഇറക്കുമതി ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുകള്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (ഹ്രസ്വകാല ജാമ്യച്ചീട്ട്) നല്‍കുന്ന രീതി ആര്‍ ബി ഐ നിര്‍ത്തലാക്കി. 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ആര്‍ ബി ഐയുടെ നടപടി.

പി എന്‍ ബി നല്‍കിയ എല്‍ ഒ യു ഉപയോഗിച്ചാണ് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശത്തുള്ള ശാഖയില്‍നിന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയത്. ശേഷം ഇവര്‍ നാടുവിടുകയും ചെയ്തതോടെ തുകയുടെ മുഴുവന്‍ ബാധ്യതയും പി എന്‍ ബിയുടെ മേല്‍ വരികയായിരുന്നു.

ഇതേ തുടര്‍ന്നാണ് എല്‍ ഒ യു നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചത്. നയം ഉടന്‍തന്നെ നിലവില്‍ കൊണ്ടുവരുമെന്ന് ആര്‍ ബി ഐ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഒരു ബാങ്ക്, തന്റെ ഉപഭോക്താവിന്റെ ഇറക്കുമതി ആവശ്യത്തിനു വേണ്ടി മറ്റൊരു ഇന്ത്യന്‍ ബാങ്കിന്റെ വിദേശത്തുള്ള ശാഖയില്‍നിന്ന് ഹ്രസ്വകാല ആവശ്യത്തിന്(ഇറക്കുമതി)പണം സമാഹരിക്കാന്‍ ജാമ്യം നില്‍ക്കുകയാണ് എല്‍ ഒ യുവിലൂടെ ചെയ്യുന്നത്.

എല്‍ ഒ യുവിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന പണം വിദേശ കറന്‍സിയായിരിക്കും. ഇത് ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകാരുമായി വിനിമയം നടത്തുകയുമാകാം.

content highlights: rbi discontinues lou in connection with pnb scam