ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ച നേടുന്നതിനായി കേന്ദ്രസര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിര്‍ബന്ധമായും തയ്യാറകണമെന്നും അല്ലങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്നും ആര്‍എസ്എസ് സാമ്പത്തിക വിഭാഗം തലവന്‍ അശ്വനി മഹാജന്‍.

ആര്‍.ബി.ഐ ഗവര്‍ണര്‍ തന്റെ കീഴിലുള്ള ഉദ്യഗസ്ഥര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെ തടയണം. അച്ചടക്കം പാലിക്കാന്‍ തയ്യാറാകാത്തവര്‍ രാജിവെക്കുന്നതാണ് നല്ലതെന്നും അശ്വനി മഹാജന്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗ്രണ്‍ മഞ്ചിന്റെ തലവനാണ് അശ്വനി മഹാജന്‍. കേന്ദ്ര സര്‍ക്കാരുമായുള്ള ശീതസമരം രൂക്ഷമാകുന്നതിനിടയില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആര്‍.ബി.ഐ.യുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ചതാണ് രാജി വാര്‍ത്ത പരക്കാന്‍ കാരണം.

ഡപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന്റെ കൈകടത്തലിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ശീതസമരത്തിന് തുടക്കം കുറിച്ചത്.