ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെപോലെ സമ്മര്‍ദത്തിന് വഴങ്ങി പിന്‍വാങ്ങുന്നയാളല്ല നരേന്ദ്രമോദിയെന്നും മുത്തലാഖ് വിജയം ഇച്ഛാശക്തിയുടെ വിജയമാണെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മാറ്റത്തിന്റെ പാതയിലായ പുതിയ ഇന്ത്യയുടെ സൂചനയാണ് വിധി. അതിന് നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വം ഉണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദി മുത്തലാഖിന്റെ അനാചാരങ്ങള്‍ക്ക് ഇരയാവുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി ശക്തമായി നിലകൊള്ളുകയായിരുന്നു. അതുകൊണ്ട് തന്നെ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കൃത്യമായ നിലപാടെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു. നീതിക്ക് വേണ്ടി ശക്തമായി പോരാടിയ സ്ത്രീകളെ താന്‍ അഭിനന്ദിക്കുകയാണ്.

നിയമം നടപ്പിലാവുന്നതോടെ മുസ്‌ലിം സ്ത്രീകളുടെ മൗലീകാവകാശവും ലിംഗസമത്വവുമാണ് സംരക്ഷിക്കപ്പെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.