ന്യൂഡല്‍ഹി: ബാങ്കിങ് രംഗവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് കാരണം കോണ്‍ഗ്രസ് ആണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. യുപിഎ സര്‍ക്കാറിന്റെ ഭരണകാലത്ത് ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച ചട്ടങ്ങളൊന്നും പാലിച്ചിരുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വലിയ സാമ്പത്തിക വിദഗ്ധന്‍ എന്ന് അറിയപ്പെടുന്ന അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ കാലത്താണ് ഇന്ത്യയിലെ മൊത്തം ബാങ്കിങ് വ്യവസ്ഥ താറുമാറായത്. പലഭാഗങ്ങളില്‍നിന്നുള്ള അനാവശ്യമായ ഇടപെടലുകളാണ് ഇതിന് ഇടവരുത്തിയത്. ഇടപാടുകള്‍ സംബന്ധിച്ച് ശരിയായ രേഖകള്‍ സൂക്ഷിക്കുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീരവ് മോദിയുമായി ബന്ധപ്പെട്ട ബാങ്ക് വായ്പാ തട്ടിപ്പുകളൊക്കെ നടന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി പി ചിദംബരത്തെയും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. 2014 മെയില്‍ ധനമന്ത്രി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏഴ് സ്വകാര്യ കമ്പനികള്‍ക്ക് അനധികൃതമായ ആനുകൂല്യങ്ങള്‍ ലഭിച്ചതായും അദ്ദേഹം ആരോപിച്ചു.
ആധാറിന് എതിരായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. പുതിയ സാങ്കേതികവിദ്യകളെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടാണ്. അവര്‍ പരിഷ്കരണങ്ങള്‍ക്കെല്ലാം എതിരാണ്. ഭയത്തിന്റെയും ആശങ്കയുടെയും രാഷ്ട്രീയമാണ് കഴിഞ്ഞ നാലു വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്ത് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇറ്റലിയില്‍നിന്ന് മടങ്ങിവന്ന ശേഷം രാഹുല്‍ ഗാന്ധി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
Content Highlights: Ravi Shankar Prasad, Congress, crisis of bank debt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..