ചണ്ഡിഗഢ്: ഹരിയാണയിലെ സോനിപതിലുളള ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കർഷകന്റെ മൃതദേഹം എലികരണ്ടിതിനെ തുടർന്ന് വ്യാപക പ്രതിഷേധം. ഡൽഹി-ഹരിയാണ അതിർത്തിയായ കുണ്ഡ്ലിയിൽനടക്കുന്ന കർഷകസമരത്തിൽ പങ്കെടുത്തിരുന്ന രാജേന്ദ്ര സരോഹയുടെ മൃതദേഹമാണ് എലികടിച്ചത്.

ബുധനാഴ്ചയാണ് സമരഭൂമിക്ക് അടത്തുളള ഗ്രാമത്തിൽ വെച്ച് എഴുപതുകാരനായ രാജേന്ദ്ര മരിക്കുന്നത്. തുടർന്ന് പോസ്റ്റമോർട്ടത്തിനായി മൃതദേഹം സോണിപത് ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. മൃതദേഹം ഫ്രീസറിൽ നിന്ന് പുറത്തെടുത്തപ്പോഴാണ് മുഖവും കാലിന്റെ ചിലഭാഗങ്ങളും എലികരണ്ട നിലയിൽ കണ്ടെത്തിയത്.

''മൃതശരീരത്തിൽ നിന്ന് രക്തമൊലിക്കുന്നത് ഞങ്ങൾ കണ്ടു. ആഴത്തിലുളള പരിക്കുകൾ മൃതദേഹത്തിലുണ്ടായിരുന്നു''-. കർഷകന്റെ മകനായ പ്രദീപ് സരോഹ പറഞ്ഞു.

സംഭവം വിവാദമായതിനെ തുടർന്ന് ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും അനുനയിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ജെയ് ഭഗ് വാൻ അറിയിച്ചു. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടികൾ കൈക്കൊളളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി.സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. കഴിഞ്ഞ 73 വർഷത്തിനിടയിൽ ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

സോനിപതിലെ ബയാൻപുർ ഗ്രാമത്തിൽ നിന്നുളള കർഷകനാണ് മരിച്ച രാജേന്ദ്ര സരോഹ. കാർഷിക സമരത്തിൽ ഭാഗമാകുന്നതിന് വേണ്ടിയാണ് കുണ്ഡ്ലി അതിർത്തിയിൽ ഇദ്ദേഹം എത്തിയത്. പ്രതിഷേധം നടക്കുന്ന സ്ഥലത്തിന് സമീപമുളള റസോയ് ഗ്രാമത്തിലാണ് അദ്ദേഹം തങ്ങിയിരുന്നത്.

ബുധനാഴ്ച രാത്രി പെട്ടെന്ന് അസുഖബാധിതനാവുകയായിരുന്നു. തുടർന്ന് സോണിപത് സിവിൽ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും സരോഹ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചു.

കുണ്ഡ്ലിയിൽ സമരമാരംഭിച്ചതിന് ശേഷം മരിക്കുന്ന 19-ാമത്തെ കർഷകനാണ് സരോഹ. ഹൃദയാഘാതത്തെ തുടർന്നാണ് ഇദ്ദേഹം മരിച്ചതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Content Highlights:Rats At Sonipat Hospital Nibble At Body Of Farmer Protester